fish

ബെർലിൻ: ദേഹം നിറയെ വെളുപ്പും കറുപ്പും ഇടകലർന്ന തൂവലുകൾ. കണ്ടാൽ പക്ഷിയാണെന്ന് തോന്നും, ഒന്നുകൂടി സൂക്ഷിച്ചുനോക്കിയാൽ മത്സ്യമാണെന്ന് തോന്നും. പക്ഷേ, ശരിക്കും പുള്ളി നക്ഷത്രമത്സ്യമാണ്.


ശരീരം നിറയെ തൂവലുകളുള്ള ഈ അപൂർവ നക്ഷത്ര മത്സ്യത്തിന്റെ ചിത്രം പകർത്തിയത് മുങ്ങൽ വിദഗ്ദ്ധനായ എൽസ് വാൻ ഡെൻ എയ്‌ഡെൻ എന്ന ഡച്ചുകാരനാണ്. ബാലിയുടെ തീരങ്ങളിൽ നീന്തുന്നതിനിടെയാണ് ഈ അപൂർവ ദൃശ്യം എയ്‌ഡെന്റെ കണ്ണിൽപ്പെട്ടത്. പിന്നെയൊട്ടും അമാന്തിച്ചില്ല, അതങ്ങ് കാമറയിലാക്കി. പവിഴപ്പുറ്റുകൾക്കിടയിൽ ഇവിടെ ഇവ സാധാരണമാണെങ്കിലും ഇത്ര മനോഹരമായി നീന്തുന്ന ദൃശ്യങ്ങൾ കിട്ടുന്നത് അപൂർവമാണ്. ഫെദർ സ്റ്റാർ എന്നു വിളിക്കുന്ന ഇവയുടെ ശാസ്ത്രീയനാമം ക്രിനോയിഡ് എന്നാണ്.

പവിഴപ്പുറ്റുകളോടു ചേർന്നുള്ള പ്രദേശങ്ങളിലാണ് ഇവ സാധാരണമായി കാണപ്പെടാറുള്ളത്. പകുതി പക്ഷിയും പകുതി മത്സ്യവുമായി സാദൃശ്യമുള്ള ഇവ നക്ഷത്ര മൽസ്യങ്ങളുടെ ഗണത്തിൽ പെട്ടവയാണ്. എന്തായാലും കടലിൽ നീന്തുന്ന അപൂർവ ജീവിയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹ്യമാദ്ധ്യമങ്ങളിൽ വൻഹിറ്റാണ്.