uma

ഓടിച്ചാടിനടക്കാൻ കഴിഞ്ഞാലും നിരാശയോടെ ജീവിക്കുന്നവർ ഉത്തർപ്രദേശിലെ ഉമാ ശർമ്മയെന്ന 65കാരിയുടെ കഥ കേൾക്കണം. കൈകളും മുഖവുമൊഴികെയുള്ള ശരീരഭാഗങ്ങൾ തളർന്നിട്ട് 10വർഷത്തിലേറെയായി. 27വർഷങ്ങൾക്കുമുമ്പ് ഭർത്താവ് മരിച്ചു, നാലുവർഷത്തിന് മുമ്പ് രണ്ടുമക്കളെയും നഷ്ടമായി. എന്നിട്ടും ഉമ തോറ്റില്ലെന്ന് മാത്രമല്ല, ജീവിതത്തോട് പോരാടുകയും ചെയ്തു.

ഉത്തർപ്രദേശിലെ സഹരൺപൂരിലെ നാഷണൽ പബ്ലിക് സ്‌കൂളിലെ പ്രിൻസിപ്പലാണ് ഉമ.

വീട്ടിലാണെങ്കിലും ആശുപത്രിക്കിടക്കയിലാണെങ്കിലും ഒരു ദിവസംപോലും മുടക്കാതെ എല്ലാ അദ്ധ്യയന ദിവസങ്ങളിലും സ്‌കൂളിലെത്തും. എങ്ങനെയെന്നോ? കൈയിലുള്ള ഇന്റർനെറ്റ് കണക്ഷനോടുകൂടിയ ടാബിലൂടെ സ്‌കൂളിലെ മുക്കിലും മൂലയിലും ഉമയുടെ കണ്ണുകളും കൈകളും എത്തും. ഒരു പ്രിൻസിപ്പലിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും ഭംഗിയായി നിർവഹിക്കും. ഇതൊക്കെ പോരാഞ്ഞിട്ട് ഇന്റർനെറ്റിലൂടെ കുട്ടികൾക്ക് വിർച്വൽ ക്ലാസുകളും എടുത്തുകൊടുക്കും. ശാരീരിക പരിമിതികൾക്കിടയിലും തനിക്ക് ജോലി ചെയ്യാൻ കഴിയുന്നതിന് ഈശ്വരൻ കഴിഞ്ഞാൽപ്പിന്നെ സാങ്കേതികവിദ്യയ്ക്കാണ് ഉമ നന്ദി പറയുന്നത്.

ഞങ്ങളുടെ ടീച്ചറാണ് ഞങ്ങൾക്ക് മാതൃക. അവരിവിടെയില്ലെന്ന് ഒരുദിവസംപോലും ഞങ്ങൾക്കു തോന്നിയിട്ടില്ല. സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരേസ്വരത്തിൽ പറയുന്നു.