അമേരിക്കൻ ജനതയെ മാത്രമല്ല, ലോകജനതയെത്തന്നെ ആഴത്തിൽ സ്വാധീനിച്ചിട്ടുള്ള വനിതകളിൽ ഒരാളാണ് അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യ മിഷേൽ ഒബാമ. ജീവിതത്തിലെ ചില നിർണായക സംഭവങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലിലൂടെയാണ് മിഷേൽ വീണ്ടും വാർത്തകളിലെ താരമാകുന്നത്.
തന്റെ രണ്ടു പെൺകുട്ടികളായ മലിയയെയും സാക്ഷയെയും താൻ ഐവിഎഫ് വഴി ഗർഭം ധരിച്ചതാണന്ന് മിഷേൽ പറയുന്നു. മുൻ അഭിഭാഷകയും ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്ററുമായിരുന്ന മിഷേൽ ആ വേദന നിറഞ്ഞ നിമിഷത്തെ ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്, 'തന്റെ ജീവിതത്തിലെ ഏറ്റവും ദുർഘടമായ കാലഘട്ടം ആയിരുന്നു അത്. 20 വർഷം മുമ്പ് കുഞ്ഞിനെ ഗർഭത്തിൽ വച്ച് നഷ്ടപ്പെട്ടിരുന്നു. ഞാൻ തീർത്തും പരാജിതയായി തോന്നിയ നിമിഷം ആയിരുന്നു അത്. കാരണം ഗർഭം അലസലിനെക്കുറിച്ച് ഒന്നും അറിയാത്ത കാലമായിരുന്നു അത്. അതുകൊണ്ട് തന്നെ അതിനെക്കുറിച്ച് ചെറുപ്പക്കാരികളായ അമ്മമാരോട് സംസാരിക്കേണ്ടതുണ്ടന്ന് തോന്നി. മുപ്പത്തിനാലാം വയസ്സിൽ തനിക്കൊരു കാര്യം മനസിലാക്കാൻ കഴിഞ്ഞു. ബയോളജിക്കൽ ക്ലോക്ക് ഒക്കെ ശരിയാണെന്ന് ബോധ്യം വന്നു. അണ്ഡോത്പാദനമൊക്കെ കുറഞ്ഞുകൊണ്ടിരിക്കുന്ന സമയമായതിനാൽ താൻ ഐവിഎഫ് ചികിത്സയ്ക്ക് വിധേയയാകുകയായിരുന്നുവെന്നും മിഷേൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തന്റെ ജീവിതത്തിലെ ദുഖങ്ങളും സന്തോഷങ്ങളും ഒക്കെ കോർത്തിണക്കി വിവരിക്കുന്ന പുസ്തകത്തിലാണ് ഈ വിവരണമുള്ളത്. ബികമിംഗ് എന്ന് പേരിട്ട പുസ്തകം നാളെയാണ് പുറത്തിറങ്ങുന്നത്.