മലയാളത്തിൽ നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ ഒരുക്കിയ കൂട്ടുകെട്ടാണ് ദീലിപും റാഫിയും. പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം, പാണ്ടിപ്പട,ചൈന ടൗൺ,റിംഗ് മാസ്റ്റർ തുടങ്ങി റാഫി ഒരുക്കിയ സിനിമകളിലും റാഫി തിരക്കഥയെഴുതിയ നിരവധി സിനിമകളിലും ഈ കൂട്ടുകെട്ട് ഒന്നിച്ചിരുന്നു.2 കൺട്രീസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ദിലീപിനെ നായകനാക്കി റാഫി തിരക്കഥ ഒരുക്കിയ ചിത്രമാണ് പ്രൊഫ. ഡിങ്കൻ.
ഛായാഗ്രാഹകൻ രാമചന്ദ്ര ബാബുവാണ് പ്രൊഫ. ഡിങ്കൻ സംവിധാനം ചെയ്യുന്നത്. ഇതിനു ശേഷം റാഫി വീണ്ടുമൊരു ചിത്രം കൂടി ദിലീപിനെ നായകനാക്കി തിരക്കഥ ഒരുക്കുകയാണെന്ന വാർത്തയാണ് സിനിമാ ലോകത്തുനിന്ന് പുറത്തുവരുന്നത്. പി. ബാലചന്ദ്ര കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പിക്ക് പോക്കറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഒരു പോക്കറ്റടിക്കാരനായാണ് ദിലീപ് എത്തുകയെന്നാണ് അറിയുന്നത്. നാദിർഷ ചിത്രത്തിന് സംഗീതമൊരുക്കും.
ഒരു ഹോളിവുഡ് താരമാണ് വില്ലനായി എത്തുക. ബ്രസീലും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളി ലൊന്നാണ്. കെച്ച കംപാക്ഡെ ആയിരിക്കും ചിത്രത്തിനു വേണ്ടി സംഘടനരംഗങ്ങൾ ഒരുക്കുക. ബോളിവുഡ് കാമാറാമാൻ മാനുഷ് നന്ദൻ ഛായാഗ്രഹണം നിർവഹിക്കും.