dysp-harikumar

തിരുവനന്തപുരം: നെയ്യാറ്റിൻകര സംഭവത്തിൽ പ്രതിയാക്കപ്പെട്ട ഡിവൈ.എസ്.പി ഹരികുമാറിനെതിരെ നേരത്തെയും നിരവധി പരാതികൾ ഉയർന്നിരുന്നു. നാട്ടുകാരും പൊതു പ്രവർത്തകരുമുൾപ്പെടെ നൽകിയ പരാതികളിൽ പക്ഷേ, മേലുദ്യോഗസ്ഥർ വേണ്ടത്ര ശുഷ്‌കാന്തി കാട്ടിയില്ലെന്നാണ് ആക്ഷേപം. കൈക്കൂലിയും അഴിമതിയുമൊക്കെ ആരോപിച്ച് തെളിവുകൾ സഹിതം സംസ്ഥാന പൊലീസ് മേധാവിയുൾപ്പെടെയുള്ളവർക്ക് പരാതികൾ നൽകിയിരുന്നുവത്രേ. ഇടതു സർക്കാർ അധികാരത്തിൽ വന്നതിന് തൊട്ടുപിന്നാലെയാണ് ഹരികുമാർ ഡിവൈ.എസ്.പിയായി നെയ്യാറ്റിൻകരയിൽ ചുമതലയേറ്റത്.

പൊലീസ് അസോസിയേഷനിലെ ഒരു നേതാവിന്റെ ഉറ്റസുഹൃത്തായ ഹരികുമാർ അയാളുടെ സ്വന്തക്കാരെയും ഇഷ്ടക്കാരെയുമാണ് ഓഫീസിൽ തന്റെ വിശ്വസ്തരായി നിയമിച്ചത്. നാട്ടുകാരിൽ നിന്ന് നിരന്തരം പരാതികൾ ഉയർന്നെങ്കിലും അന്വേഷണത്തിന് ആരും തയ്യാറായില്ല. ഡിവൈ.എസ്.പിക്കെതിരെ പൊലീസ് ഇന്റലിജൻസ് വിഭാഗം മൂന്നുതവണ മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, അതിലൊന്നും ഒരു അന്വേഷണവും ഉണ്ടായില്ല. മണൽ, ക്വാറി മാഫിയകളിൽ നിന്ന് ഡിവൈ.എസ്.പി മാസപ്പടി വാങ്ങിയിരുന്നത്രേ.

പടി നൽകാത്ത ടിപ്പറുൾപ്പെടെയുള്ള വാഹനങ്ങൾക്കെതിരെ അനാവശ്യ നടപടി സ്വീകരിച്ചിരുന്നതായും ആക്ഷേപമുണ്ട്. പിരിവിനെതിരെ ടിപ്പറുടമകൾ നീരസം പ്രകടിപ്പിച്ചപ്പോൾ നൂറുകണക്കിന് വാഹനങ്ങൾ ഒറ്റദിവസംകൊണ്ട് പിടികൂടി വൻ തുക ഫൈൻ ഈടാക്കി പ്രതികാരം തീർത്തു. കീഴുദ്യോഗസ്ഥരെയെല്ലാം വിരട്ടി ചൊല്പടിക്ക് നിറുത്താനും വിരുതനാണത്രേ ഹരികുമാർ. അനുസരിക്കാത്തവരെ തന്റെ കീഴിൽ തുടരാൻ അനുവദിച്ചിരുന്നില്ല.

ഡിപ്പാർട്ട്‌മെന്റ് ഫണ്ടിനൊന്നും കാത്ത് നിൽക്കാതെ തന്റെ ഓഫീസും ജീപ്പും ഡിവൈ.എസ്.പി എ.സിയാക്കി എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇവയുടെ ബില്ലുകൾ ഓഫീസിൽ സൂക്ഷിച്ചിരിക്കുകയാണ്. എന്നാൽ, ഈ പണം ആര് നൽകി എന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. മണ്ണ് മാഫിയയിൽ നിന്ന് കൈക്കൂലി വാങ്ങിയതിന്റെ വീഡിയോ ഉൾപ്പെടെയുള്ള രേഖകൾ സഹിതം വിജിലൻസിന് നാട്ടുകാരും വി.എസ്.ഡി.പി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരനും പരാതി നൽകിയിരുന്നു. ഇതിൽ വിഷ്ണുപുരം ചന്ദ്രശേഖരന്റെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിട്ടുണ്ട്.

അന്വേഷണ സംഘത്തിൽ കേസ് ഡയറി മുക്കിയ ഉദ്യോഗസ്ഥനും

നെയ്യാറ്റിൻകര സംഭവത്തിൽ ഡിവൈ.എസ്.പിക്കെതിരെയുള്ള കേസ് അന്വേഷിക്കാൻ നിയോഗിച്ച ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിൽ കേസ് ഡയറി മുക്കിയ ഉദ്യോഗസ്ഥനും ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം പുറത്തുവന്നു. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയായിരുന്ന ബാബുകുമാറിനെ വധിക്കാൻ ശ്രമിച്ച കേസിലെ കേസ് ഡയറി മുക്കിയ സംഭവത്തിൽ സി.ബി.ഐ അന്വേഷണത്തിന് വിധേയനാകുകയും അച്ചടക്ക നടപടിക്ക് ശുപാർശ നൽകുകയും ചെയ്ത ഉദ്യോഗസ്ഥനാണ് അന്വേഷണ സംഘത്തിലുള്ളത്.

ഇദ്ദേഹം കൊല്ലം ഈസ്റ്റ് സി.ഐയായിരിക്കെയാണ് കേസ് ഡയറി നഷ്ടമായത്. കേസ് തുടരന്വേഷണം നടത്തിയ സി.ബി.ഐ ശുപാർശ ചെയ്തതനുസരിച്ച് ആഭ്യന്തര വകുപ്പ് ശിക്ഷണ നടപടികളുമായി മുന്നോട്ട് പോയെങ്കിലും രാഷ്ട്രീയ,ഭരണ സ്വാധീനമുപയോഗിച്ച് അന്വേഷണം മരവിപ്പിച്ചു എന്നാണ് ആരോപണം. പിന്നീട് ഇദ്ദേഹത്തിന് ഡിവൈ.എസ്.പിയായി പ്രൊമേഷൻ കിട്ടി.