forest

എരുമേലി: എലിവാലിയിൽ നിന്ന് കാടുകാണാൻ പോയ നാലംഗ സംഘം തിരിച്ചെത്താതിരുന്നത് നാട്ടിലാകെ പരിഭ്രാന്തി പരത്തി. ഇന്ന് രാവിലെ ഒൻപതരയോടെ തൊരംപാറയിൽ നിന്ന് ഫോൺ സന്ദേശം ലഭിച്ചതോടെയാണ് ആശങ്കയ്ക്ക് അല്പം അയവായത്. ഇതിനിടയിൽ പൊലീസും വനംവകുപ്പും നാട്ടുകാരും ചേർന്ന് ആനയുടെ ചിന്നംവിളിവരെ അവഗണിച്ച് കാട്ടിലാകെ പരിശോധന നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് വിദ്യാർത്ഥികളായ ഇവർ ശബരിമല വനം കാണാൻ പുറപ്പെട്ടത്.

എലിവാലിക്കര സ്വദേശികളായ സിജോമോൻ (20), അപ്പു എന്നു വിളിക്കുന്ന സനിൽ (16), അച്ചുവെന്ന് വിളിക്കുന്ന സജിൻ, അഭിജിത്ത് (16) എന്നിവരാണ് വീട്ടുകാരോട് പറഞ്ഞശേഷം പുറപ്പെട്ടത്. ഉച്ചകഴിഞ്ഞിട്ടും ഇവർ തിരിച്ചെത്താതിരുന്നതോടെ മാതാപിതാക്കൾക്ക് പരിഭ്രമമായി. വൈകുന്നേരമായിട്ടും തിരിച്ചെത്താതിരുന്നതോടെ നാട്ടുകാരുടെ സഹായത്തോടെ വനത്തിൽ തിരച്ചിൽ നടത്തി. വിവരമറിഞ്ഞ് എരുമേലി പൊലീസും കുട്ടികളെ തിരയാൻ കാട്ടിലെത്തി.

പൊലീസ് അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും തിരച്ചിലിൽ പങ്കെടുത്തു.

രാത്രി ഏറെ വൈകിയിട്ടും ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല. ആനകൾ ഏറെയുള്ള പ്രദേശമാണ് ഇവിടം. ഇന്നലെ രാത്രി മുഴുവൻ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കുട്ടികളെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല. ഇന്ന് രാവിലെ തിരച്ചിൽ തുടരുന്നതിനിടിയിലാണ് കുട്ടികൾ തിരിച്ചെത്തിയത്.