കായിക താരങ്ങൾക്ക് കളിക്കളത്തിലോ പുറത്തോ സംഭവിക്കുന്ന അപകടങ്ങൾ മുഖേന ഉണ്ടാകുന്ന പരിക്കുകൾക്കുള്ള ചികിത്സാ ശാഖയാണ് സ്പോർട്സ് മെഡിസിൻ. 20-ാം നൂറ്റാണ്ടിന് ശേഷമാണ് സ്പോർട്സ് മെഡിസിൻ സജീവമായത്. ഇതിൽ പ്രധാനമായും സന്ധികൾ, കശേരുക്കൾ, നാഡികൾ, അസ്ഥികൾ, മാംസപേശികൾ എന്നിവയ്ക്ക് വരുന്ന പരിക്കുകളായിരിക്കും. ഇവയിൽ ചിലത് ഗൗരവമേറിയതും ജീവഹാനി തന്നെ ഉണ്ടാക്കുന്നതും ആകാം. ഇത്തരത്തിൽ അപകടങ്ങൾ ഉണ്ടാകുന്ന വ്യക്തിക്ക് എത്രയുംപെട്ടെന്ന് ചികിത്സ ലഭ്യമായാൽ മാത്രമേ അപകടത്തിന്റെ കാഠിന്യം കുറയ്ക്കുകയും പെട്ടെന്ന് അപകടം തരണംചെയ്ത് തിരിച്ചു കളിക്കളത്തിലേക്ക് മടങ്ങാനും സാധിക്കൂ.
സ്പോർട്സ് മെഡിസിൻ ചികിത്സയിൽ പ്രധാനമായും രണ്ട് ഘട്ടങ്ങൾ ഉണ്ട്. ഒന്ന് സംഭവസ്ഥലത്ത് വച്ച് കൊടുക്കാവുന്ന അടിയന്തര ചികിത്സ. ഇതിൽ പരിക്കേറ്റ വ്യക്തിക്ക് രക്തസ്രാവം നിയന്ത്രിക്കുക, എല്ലുകൾ- സന്ധികൾ എന്നിവയ്ക്ക് പൊട്ടൽ ഉണ്ടോയെന്ന് മനസിലാക്കി സംഭവസ്ഥലത്ത് നിന്ന് മാറ്റുക, മുറിവുകൾ വൃത്തിയാക്കുക, ഐസ് പാക്ക് മുതലായവ ചെയ്തു രോഗിയെ സ്വസ്ഥനാക്കുക കാറ്റും വെളിച്ചവും ലഭ്യമായ സ്ഥലത്ത് രോഗിയെ കിടത്തുകയെന്നിവയൊക്കെ ഉൾപ്പെടും.
രണ്ടാമത്തെ ഘട്ടത്തിൽ രോഗിയുടെ അപകടത്തിന്റെ വ്യാപ്തി മനസിലാക്കി ചികിത്സ ലഭ്യമാക്കുന്നു. അത് ചിലപ്പോൾ കുറേക്കാലം നീണ്ടുനിൽക്കുന്നതാവാം. ഫിസിയോതെറാപ്പി, ഒക്യുപ്യേഷണൽ തെറാപ്പി ഇവ സംയുക്തമായി ചികിത്സയിൽ ചെയ്യേണ്ടിവരും. സ്പോർട്സ് മെഡിസിനിൽ അടിയന്തര ചികിത്സാ രീതികൾ കായികതാരങ്ങൾ തന്നെ പരിശീലിക്കണം. ഇത് അപകടത്തിന്റെ കാഠിന്യം കുറയ്ക്കാനും ചിലപ്പോൾ ജീവൻ രക്ഷിക്കാനും തന്നെ സഹായകരമാകും.