yatara

കൊച്ചി: വേമ്പനാട് കായലിന്റെ പ്രകൃതി സൗന്ദര്യവും കൊതിയൂറും കായൽ വിഭവങ്ങളുടെ രുചിയും ആസ്വദിക്കാൻ അവസരമൊരുക്കുന്ന മത്സ്യഫെഡിന്റെ പുത്തൻ ടൂർ പാക്കേജുകളായ 'ഭൂമിക'യേയും 'പ്രവാഹിനി'യേയും ഇരുകൈയ്യും നീട്ടി സ്വീകരിച്ച് വിനോദസഞ്ചാരികൾ. പാക്കേജ് ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ, ഞാറയ്ക്കലിലേക്കും പാലാക്കരിയിലേക്കും വിനോദസഞ്ചാരികളുടെ വലിയ ഒഴുക്കാണ് അനുഭവപ്പെടുന്നത്. കരമാർഗ്ഗമുള്ള പാക്കേജിന് 'ഭൂമിക' എന്നും ജലമാർഗ്ഗമുള്ള പാക്കേജിന് 'പ്രവാഹിനി' എന്നുമാണ് പേര്. മത്സ്യഫെഡിന്റെ ഞാറയ്ക്കൽ, മാലിപ്പുറം, പാലാക്കരി എന്നീ മൂന്ന് ജലവിനോദ സഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന ഏറ്റവും പുതിയ ഏകദിന ടൂർ പാക്കേജാണ് ഭൂമിക. നാലു മണിക്കൂർ നേരം കൊണ്ട് സ്പീഡ് ബോട്ടിൽ ഞാറയ്ക്കൽ, മാലിപ്പുറം, പാലാക്കരി എന്നിവിടങ്ങൾ സന്ദർശിക്കാമെന്നതാണ് 'പ്രവാഹിനി'യുടെ പ്രത്യേകത. രാവിലെ എട്ടരയ്ക്ക് ആരംഭിച്ച് രാത്രി ഏഴിന് അവസാനിക്കുന്ന 'ഭൂമിക' പാക്കേജിൽ ഒരാൾക്ക് 3,000 രൂപയും, പ്രവാഹിനിക്ക് 2,500 രൂപയുമാണ് ചാർജ്.

'ഭൂമിക'യ്‌ക്കൊപ്പം ഒരു ദിനം

ശീതീകരിച്ച ട്രാവലറിനൊപ്പം ഒരു ഗൈഡിന്റെ സേവനവും നൽകും. ഇതോടൊപ്പം പാലാക്കരിയിൽ നിന്നും ആരംഭിച്ച് ഞാറയ്ക്കൽ, മാലിപ്പുറം സന്ദർശിച്ച് പാലാക്കരിയിൽ തിരിച്ചെത്തുന്ന പാക്കേജും കഴിഞ്ഞ ആഴ്ച പാലാക്കരിയിൽ ആരംഭിച്ചിട്ടുണ്ട്. രാവിലെ 8.30ന് ഞാറയ്ക്കൽ അക്വാ ടൂറിസം സെന്ററിലെ ഏറുമാടത്തിലൊരുക്കിയ പ്രാതലോടെയാണ് തുടക്കം. 10.30 വരെ ഇവിടെ മുളംകുടിലിൽ വിശ്രമം, ചൂണ്ടയിടൽ, കുട്ട വഞ്ചി, കൈതുഴ വഞ്ചി, പെഡൽ ബോട്ട്, വാട്ടർ സൈക്കിൾ, കയാക്കിംഗ് എന്നിവ നടത്താം. പത്തരയോടെ എ.സി ട്രാവലറിൽ പാലാക്കരി ജലവിനോദ സഞ്ചാരകേന്ദ്രത്തിലേക്ക് യാത്ര തിരിക്കും. ഇവിടെ വിസ്മയിപ്പിക്കുന്ന 'മത്സ്യകന്യക'യുടെ കാഴ്ച ആസ്വദിക്കാം. ശേഷം ഫാമിൽ കൃഷി ചെയ്ത കരിമീൻ, ചെമ്മീൻ, ഞണ്ട് തുടങ്ങിയ വിഭവങ്ങളോടു കൂടിയ വിഭവസമൃദ്ധമായ ഊണ് കഴിക്കാം.

തൊട്ടുപിന്നാലെ ശിക്കാരി ബോട്ടിൽ ഒരു മണിക്കൂർ യാത്ര ചെയ്യാം. അതോടൊപ്പം കെട്ടുവള്ളം മ്യൂസിയവും കുട്ടികളുടെ പാർക്കും സന്ദർശിക്കാം. പിന്നീടാണ് മൂന്നാമത്തെ ജലവിനോദ സഞ്ചാര കേന്ദ്രമായ മാലിപ്പുറം അക്വാ ടൂറിസം സെന്ററിലെത്തുക. 46 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന ഇവിടത്തെ മത്സ്യക്കുളങ്ങളിലെ പൂമീനുകളുടെ ചാട്ടം ആരെയും വിസ്മയിപ്പിക്കും. കണ്ടൽപാർക്കിൽ അൽപ്പനേരം വിശ്രമിച്ച് പിന്നീട് ചാപ്പാ ബീച്ചിൽ സൂര്യാസ്തമയം കാണാം. രാത്രി ഏഴിന് ഞാറക്കൽ അക്വാ സെന്ററിൽ ടൂർ അവസാനിക്കും. ഭൂമിക പാക്കേജിൽ പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ എട്ട് മുതൽ 15 വരെ അംഗങ്ങൾക്ക് ഒരുമിച്ച് ഈ പാക്കേജിൽ യാത്ര ചെയ്യാം.

സ്പീഡ് ബോട്ടിൽ കുതിച്ച് 'പ്രവാഹിനി'

പ്രവാഹിനി പാക്കേജിൽ ആറ് പേർക്ക് സഞ്ചരിക്കാം. 8.30ന് പാലാക്കരിയിൽ നിന്ന് പ്രഭാത ഭക്ഷണത്തിന് ശേഷം സ്പീഡ് ബോട്ടിൽ ജലമാർഗ്ഗം വൈപ്പിനിലേക്കാണ് യാത്രയാരംഭിക്കുക. തുടർന്ന് ഭൂമികയുടേതിന് സമാനമായ രീതിയിൽ ട്രാവലറിൽ ഞാറയ്ക്കൽ, മാലിപ്പുറം എന്നീ ജലവിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര നടത്താം. ഭൂമികയിൽ നിന്ന് വ്യത്യസ്തമായി പ്രവാഹിനിയിൽ ബീച്ച് സന്ദർശനവും രാത്രി ഭക്ഷണവും ഉണ്ടാകില്ല. പകരം കൂൾ ഡ്രിംഗ്സും സ്നാക്സും കഴിക്കാം.

സ്‌കൂളുകൾക്ക് പ്രത്യേക പാക്കേജ് നൽകും

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഭൂമിക പാക്കേജിൽ എഴുപതിന് മുകളിൽ സന്ദർശകരും പ്രവാഹിനി പാക്കേജിൽ ഇരുപതോളം സന്ദർശകരുമെത്തി. സ്‌കൂൾ കുട്ടികൾക്കായി പരമാവധി പേരെ പങ്കെടുപ്പിച്ച് ടൂർ പാക്കേജ് നടത്താനും മത്സ്യഫെഡ് തയ്യാറാണ്. കൂടുതൽ ആളുകൾ വരുന്നതിനനുസരിച്ച് വാഹനസൗകര്യവും ഗൈഡുകളുടെ എണ്ണവും കൂട്ടും.

നിഷ പി,
മാനേജർ
മത്സ്യഫെഡ് ഫിഷ് ഫാം,
എറണാകുളംകോട്ടയം