ന്യൂഡൽഹി: ഫ്രാൻസിൽ നിന്നും റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള ഇടപാട് ഒരു വർഷത്തെ ചർച്ചയ്‌ക്ക് ശേഷമാണ് കൈക്കൊണ്ടതെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. റാഫേൽ കരാറിന്റെ വില വിവരങ്ങൾ അടങ്ങിയ രേഖകൾ മുദ്രവച്ച കവറിൽ സർക്കാർ കോടതിയിൽ സമർപ്പിച്ചു. കേസ് ഈ മാസം 14 ന് വീണ്ടും പരിഗണിക്കും.
കരാറിന്റെ പൂർണ വിവരങ്ങൾ പുറത്തുവിടണമെന്ന് സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിമാനത്തിന്റെ വില, സാങ്കേതിക വിവരങ്ങൾ, കരാറിലെ നടപടിക്രമങ്ങൾ തുടങ്ങിയവ കോടതിയെ അറിയിക്കണം. എന്നാൽ വിഷയത്തിൽ സി.ബി.ഐ അന്വേഷണം നടത്തുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി. കരാറിലെ വിവരങ്ങൾ ഹർജിക്കാർക്ക് നൽകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് മുദ്രവച്ച കവറിൽ കേന്ദ്രം വിവരങ്ങൾ സമർപ്പിച്ചത്.