അബുദാബി : ഞായറാഴ്ച മുതൽ കനത്തമഴയും കാറ്റും തുടരുന്ന അബുദാബിയിൽ മലയാളത്തിൽ മുന്നറിയിപ്പുമായി പൊലീസ്. മലയാളത്തിലുള്ള വീഡിയോ സന്ദേശവും മലയാളത്തിലുള്ള ദൃശ്യവിവരണവും അടങ്ങിയ സുരക്ഷാ നിർദ്ദേശം അബുദാബി പൊലീസിന്റെ ട്വിറ്റർ പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
'പൂർണ ശ്രദ്ധയോടെ സുരക്ഷിതമായി വാഹനം ഓടിക്കുക. മുന്നിലുള്ള വാഹനവുമായി മതിയായ അകലം പാലിക്കുക. പെട്ടെന്ന് ബ്രേക്ക് ഇടാതിരിക്കുക ...' തുടങ്ങിവയാണ് നിർദേശങ്ങൾ.
ഞായറാഴ്ച വൈകിട്ട് ആറോടെയാണ് ശക്തമായ പൊടിക്കാറ്റും മഴയും ആരംഭിച്ചത്. പെട്ടെന്നുണ്ടായ മഴ ജോലികഴിഞ്ഞ് മടങ്ങുന്നവരടക്കമുള്ളവരെ ബുദ്ധിമുട്ടിലാക്കി. നിമിഷങ്ങൾക്കകം ആളുകളുടെ മൊബൈൽ ഫോണുകളിലേക്ക് അബുദാബി പൊലീസിന്റെ ജാഗ്രതാ നിർദേശം എത്തി. നിരത്തുകളിലുണ്ടായിരുന്നവർ അടുത്തുള്ള കടകളിലേക്കും ഓഫീസുകളിലേക്കും ഓടിക്കയറി. തുടർന്നാണ് പൊലീസ് വിവിധ ഭാഷകളിൽ ദൃശ്യങ്ങൾ സഹിതം നിർദ്ദേശങ്ങൾ നൽകിയത്. മണിക്കൂറിൽ 21 കിലോമീറ്റർ വേഗമുള്ള കാറ്റാണ് വീശിയത്. മഴകാരണം താപനില കുറഞ്ഞു. പലിടത്തും 26 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് ഊഷ്മാവ്.