കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ ദാരിദ്ര്യ നിർമാർജ്ജന പദ്ധതിയാണ് കുടുംബശ്രീയെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രശസ്ത പത്രപ്രവർത്തകൻ പി. സായ്‌നാഥ് പറഞ്ഞു.

കുടുംബശ്രീയെക്കുറിച്ച് കൂടുതൽ ഗവേഷണങ്ങൾ നടക്കുന്നത് അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലുമാണ്. 1991ൽ ഡോളർ ശതകോടീശ്വരന്മാരായി ആരും ഇന്ത്യയിൽ ഉണ്ടായിരുന്നില്ല. ആഗോളവത്കരണം ആരംഭിച്ച് 8 കൊല്ലമായപ്പോൾ എട്ട് പേർ ഉണ്ടായി. 2018ൽ ഇവരുടെ എണ്ണം 121 ആയി ഉയർന്നിരിക്കുകയാണ്. ഇതേസമയം ദാരിദ്ര്യം വർദ്ധിക്കുകയും ചെയ്തു. താഴേക്കിടയിലെ 30 ശതമാനത്തിന്റെയും വരുമാനത്തിൽ കുറവുണ്ടായി. എട്ട് ശതമാനം കുടുംബങ്ങൾക്ക് മാത്രമാണ് പ്രതിമാസം 10,000 രൂപയിലധികം വരുമാനമുള്ളത്.

യുവാക്കൾ കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കണം. രാജ്യത്ത് ഒാരോ വർഷവും 1.5 കോടി പേർ വീതം കാർഷിക മേഖലയിൽ നിന്ന് പിന്മാറുന്നു. ജി.എസ്.ടി സംബന്ധിച്ച് പാർലമെന്റിൽ അർദ്ധരാത്രി വരെ ചർച്ച നടത്തിയവർ കർഷകരുടെ പ്രയാസങ്ങൾ ലഘൂകരിക്കുന്ന സ്വാമിനാഥൻ റിപ്പോർട്ട് ചർച്ച ചെയ്യാൻ താത്പര്യം കാട്ടുന്നില്ല.1995 മുതൽ 2015 വരെ 3.1 ലക്ഷം കർഷകർ ആത്മഹത്യ ചെയ്തെന്നാണ് ഒൗദ്യോഗിക കണക്ക്. വർഗീയതയുടെ വളർച്ച ഭയപ്പെടുത്തുന്നു. യുവാക്കളും വിദ്യാർത്ഥികളും സാഹിത്യകാരന്മാരും മാത്രമാണ് ഇതിനെ എതിർക്കുന്നതെന്നും സായ്‌നാഥ് പറഞ്ഞു..

ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എൻ. ഷംസീർ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ്, ജനറൽ സെക്രട്ടറി അഭോയ് മുക്കർജി, വൈസ് പ്രസിഡന്റ് പ്രീതി ശേഖർ, സംസ്ഥാന സെക്രട്ടറി എം. സ്വരാജ് എന്നിവർ പങ്കെടുത്തു. പി. മോഹനൻ സ്വാഗതം പറഞ്ഞു.