തിരുവനന്തപുരം: വാഹന ഫാൻസി നമ്പരിന് ആർ.ടി ഓഫീസുകളിൽ പോയി ലേലം വിളിക്കേണ്ട. ഇനി വീട്ടിലിരുന്നും സ്വന്തമാക്കാം. ലേലം ഓൺലൈൻ ആക്കുകയാണ്. ആറ്റിങ്ങൽ ആർ.ടി ഓഫീസിൽ 15 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. 'വാഹൻ' എന്ന് പേരിട്ട സോഫ്ട്‌വെയർ ആണ് ഉപയോഗിക്കുന്നത്.
നടപടികൾ സുതാര്യമാക്കാനാണ് ഓൺലൈൻ സേവനമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, ലേലക്കാർ ഒത്തുകളിച്ച് താഴ്ന്ന തുകയ്ക്ക് നമ്പരുമായി പോകുന്നത് പതിവായതോടെയാണ് കാര്യങ്ങൾ വേഗത്തിലാക്കുന്നത്.
നമ്പർ വൺ കിട്ടാനുള്ള ലേലത്തിന് നിലവിൽ ഒരു ലക്ഷം രൂപ മുൻകൂർ അടയ്ക്കേണ്ടതുണ്ട്. എന്നാൽ, ലേലത്തിനെത്തുന്നവർ തമ്മിൽ ധാരണയിലെത്തി നിസാര തുകയേ കൂട്ടി വിളിക്കുന്നുള്ളൂ. കഴക്കൂട്ടം ആർ.ടി ഓഫീസിൽ ഏറ്റവും ഒടുവിൽ ഒന്നാം നമ്പർ ലേലം പിടിച്ചത് വെറും 1,500 രൂപ കൂട്ടിയായിരുന്നു. ഒന്നാം നമ്പർ മുമ്പ് 18 ലക്ഷം രൂപയ്ക്കു വരെ വിറ്റു പോയിട്ടുണ്ട്.
ലേലം ഓൺലൈൻ ആക്കുമ്പോഴും മുൻകൂർ അടയ്ക്കേണ്ട തുകയിൽ മാറ്റം വരുത്തിയിട്ടില്ല. മറ്റ് ഫാൻസി നമ്പരുകൾക്കുള്ള ബുക്കിംഗ് ചാർജ് കുറഞ്ഞു കുറഞ്ഞു വരും. ഏറ്റവും കുറഞ്ഞ തുക 3000 രൂപ.
ഓൺലൈൻ ലേലം
1 വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ ഒ.ടി.പി നമ്പരും പാസ്‌വേഡും ഉടമയുടെ മൊബൈൽ നമ്പരിൽ ലഭിക്കും
2 ഈ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് വെബ്സൈറ്റിൽ ഫീസടയ്ക്കുമ്പോൾ ലേല ദിവസവും സമയവും കിട്ടും
3 ലേല സമയത്ത് സൈറ്റിൽ കയറി വിളിക്കേണ്ട തുക രേഖപ്പെടുത്തി എന്റർ ചെയ്ത് കാത്തിരിക്കണം
4 കൂടിയ തുക സ്ക്രീനിൽ വരും. അപ്പോൾ അതിലും കൂടിയ തുക രേഖപ്പെടുത്തി വീണ്ടും എന്റർ ചെയ്യണം
5 ഒടുവിൽ ലേലം ഉറപ്പിച്ച വ്യക്തിക്ക് അഭിനന്ദന സന്ദേശം വരും. തുക അടയ്ക്കുമ്പോൾ ഇഷ്ട നമ്പർ സ്വന്തം
''ലേലം സുതാര്യമാക്കുന്നതിനു വേണ്ടിയാണ് പരിഷ്കാരം. ഏജന്റുമാർ ആർ.ടി ഓഫീസുകളിൽ സ്വാധീനം ചെലുത്തുന്നു എന്ന പരാതിയും ഇതോടെ തീരും."
- രാജിവ് പുത്തലത്ത്, ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ