mookambika

മംഗളൂരു : ആർക്കും വേണ്ടാത്ത , മൂല്യമില്ലാത്ത നോട്ടുകൾ ദൈവത്തിനെന്നാണ് ഭക്തരുടെ പ്രമാണം. നോട്ടുനിരോധനം വന്നു രണ്ടു വർഷം കഴിഞ്ഞിട്ടും കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നിരോധിത നോട്ടുകൾ കാണിക്കയിൽ വീഴുന്നു. കഴിഞ്ഞ 22 മാസത്തിനിടെ (2017 ജനുവരി 31 മുതൽ 2018 ഒക്ടോബർ 30 വരെ) ലഭിച്ചത് 11,49,500 രൂപയുടെ നോട്ടുകളാണ്. അതിനു മുമ്പുള്ള രണ്ടു മാസം 500 രൂപയുടെ 1557 നോട്ടുകളും (7,78,500 രൂപ), 1000 രൂപയുടെ 391 നോട്ടുകളും (3,91,000 രൂപ) ലഭിച്ചിരുന്നു. ഈ സെപ്തംബറിൽ 68,000 രൂപയുടെയും ഒക്‌ടോബറിൽ 73,500 രൂപയുടെയും നോട്ടുകളാണ് കിട്ടിയത്. 50ന്റെ 100 നോട്ടുകളും ആയിരത്തിന്റെ 18 നോട്ടുകളുമാണ് സെപ്തംബറിൽ ലഭിച്ചത്. ഒക്ടോബറിൽ 500ന്റേത് 115 എണ്ണവും ആയിരത്തിന്റേത് 16 എണ്ണവും കിട്ടി. നോട്ടുകൾ എണ്ണി ഓഫീസിൽ സൂക്ഷിച്ചിരിക്കുകയാണ്. നോട്ടുകൾ മാറ്റി നൽകാൻ സംവിധാനം ഏർപ്പെടുത്തണമെന്നു ട്രസ്റ്റി പി.വി. അഭിലാഷ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.