ananthakumar
ananthakumar

ബംഗളൂരു: കേന്ദ്ര പാർലമെന്ററികാര്യ, രാസവള വകുപ്പ് മന്ത്രി എച്ച്.എൻ. അനന്ത്കുമാർ (59) അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെ 2.30ന് ബംഗളൂരുവിലായിരുന്നു അന്ത്യം. ലണ്ടൻ, ന്യൂയോർക്ക് എന്നിവിടങ്ങളിലെ ചികിത്സയ്‌ക്ക് ശേഷം ഒക്ടോബർ 20നാണ് അദ്ദേഹം തിരിച്ചെത്തിയത്.

കർണാടക രാഷ്ട്രീയത്തിൽ ബി.ജെ.പിയെ നിർണായക ശക്തിയായി വളർത്തിയെടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച നേതാവാണ് അനന്ത്കുമാർ. വർഷങ്ങളോളം ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്ന അനന്ത്കുമാറും മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും ചേർന്നാണ് ബി.ജെ.പിയെ കർണാടകയിൽ കരുത്തുറ്റ രാഷ്ട്രീയ പ്രസ്ഥാനമാക്കി വളർത്തിയത്.

1959 ജൂലായ് 22ന് ബംഗളൂരുവിലാണ് ജനനം. നിയമ ബിരുദധാരിയായ അനന്ത്കുമാർ എ.ബി.വി.പിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. 1985ൽ എ.ബി.വി.പി ദേശീയ സെക്രട്ടറിയായി. തുടർന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറിയുമായി. 1996ൽ ബംഗളൂരു സൗത്ത് മണ്ഡലത്തിൽ നിന്ന് ആദ്യമായി ലോക്‌സഭയിലെത്തി. തുടർന്ന് ആറു തവണ ഇതേ മണ്ഡലത്തെ പ്രതിനിധീകരിച്ചു. എ.ബി. വാജ്‌പേയി മന്ത്രിസഭയിൽ രണ്ടു തവണ കാബിനറ്റ് പദവിയുള്ള മന്ത്രിയായി. 1998ൽ വാജ്പേയി മന്ത്രിസഭയിൽ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു. ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി പദവികളും വഹിച്ചു.

കഴിഞ്ഞ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അർബുദമാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് പോയി. തിരിച്ച് വന്ന ശേഷം ബംഗളൂരുവിലെ ശങ്കർ കാൻസർ റിസർച്ച് സെന്ററിലെ ചികിത്സയിലായിരുന്നു.

ലാൽബാഗ് റോഡിലെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം നാഷണൽ കോളേജ് ഗ്രൗണ്ടിൽ പൊതുദർശനത്തിന് വച്ച ശേഷം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ചാമരാജ്‌പേട്ട് ശ്മശാനത്തിൽ സംസ്കരിക്കും. ഡോ. തേജസ്വിനിയാണ് ഭാര്യ. ഐശ്വര്യ, വിജേത എന്നിവർ മക്കളാണ്.