premam

പ്രേമത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സിജു വിൽസൺ,​ കൃഷ്ണ ശങ്കർ,​ ശബരീശ് വർമ്മ,​ അൽത്താഫ് എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് 'മറിയം വന്ന് വിളക്കൂതി'. പ്രേമം പുറത്തിറങ്ങി മൂന്ന് വർഷം പിന്നിടുമ്പോൾ ചിത്രത്തിലെ കഥാപാത്രങ്ങളായി എത്തിയവരെല്ലാം മലയാളത്തിൽ ചുവടുറപ്പിച്ച് കഴിഞ്ഞു. ജനിത് കാച്ചപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ പുറത്തിറങ്ങും.

ഒരുകൂട്ടം സുഹത്തുക്കൾ ഒരു പിറന്നാൾ ദിവസം ഒത്തുകൂടുകയും അതേ രാത്രിയിൽ അവർക്ക് സംഭവിക്കുന്ന പ്രശ്നങ്ങളുമാണ് കഥാസാരം. ഒരു മുറിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ചിത്രത്തിന്റെ ഏറിയ പങ്കും മുറിയിൽ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്,​ സംവിധായകൻ പറഞ്ഞു.

സിജു,​ കൃഷ്ണ,​ ശബരീശ്,​ അൽത്താഫ് എന്നിവർ വളരെക്കാലമായി ജീവിതത്തിലും അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ്. അതിനാൽ ഇവർക്കിടയിലെ കെമസ്ട്രി സിനിമയിലും വർക്കൗട്ട് ചെയ്യാൻ കഴിയുമെന്ന ഉറപ്പിനാലാണ് ഈ ടീമിനെ തന്നെ തിരെഞ്ഞെടുക്കാൻ കാരണമെന്ന് സംവിധായകൻ വ്യക്തമാക്കി.

'ചിത്രത്തിലെ പ്രധാനകഥാപാത്രമായ 'മറിയാമ്മാ ജോസഫിനെ' അവതരിപ്പിക്കുന്നത് സേതുലക്ഷമി യാണ്. അവരുടെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും നല്ല കഥാപാത്രങ്ങളിലൊന്നാകും മറിയാമ്മ. സേതുലക്ഷമി ചേച്ചിയെ കൂടാതെ ഒരു വിദേശ വനിതയും ചിത്രത്തിലുണ്ടാവും. ഇവർ രണ്ടുപേർ മാത്രമാണ് ചിത്രത്തിലെ സ്ത്രീകഥാപാത്രങ്ങൾ' - സംവിധായകൻ ജെനിത് പറഞ്ഞു. സിദ്ധാർത്ഥ് ശിവ,​ ബൈജു എന്നിവരും ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും.