narendra-modi

ന്യൂഡൽഹി: നോട്ടുനിരോധനം പരാജയമാണെന്ന കോൺഗ്രസ് അദ്ധ്യക്ഷന്റെ ആരോപണത്തിന് ശക്തമായ മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. അഴിമതിക്കേസിൽ ജാമ്യത്തിലിറങ്ങിയ രാഹുലിനും അമ്മയ്‌ക്കും ആരുടേയും സത്യസന്ധതയെ അളക്കാനുള്ള അർഹതയില്ലെന്ന് മോദി പറഞ്ഞു. ഛത്തീസ്ഗഡിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ പരാമർശം. നാഷണൽ ഹെറാൾഡ് കേസിൽ ജാമ്യമെടുത്ത രാഹുലും അമ്മ സോണിയാ ഗാന്ധിയും നോട്ടുനിരോധന വിഷയത്തിലൂന്നി മോദിയെ നിരന്തരം വിമർശിച്ചിരുന്നു.

അഴിമതിക്കേസിൽ ജാമ്യത്തിലിറങ്ങിയ അമ്മയും മകനും ചേർന്ന് തനിക്ക് സത്യസന്ധതയ്‌ക്കുള്ള സർട്ടിഫിക്കറ്റ് നൽകാനുള്ള ശ്രമത്തിലാണ്. നോട്ടുനിരോധനത്തിന്റെ ഗുണങ്ങളെന്താണെന്നും ഇക്കൂട്ടർ ചോദിക്കുന്നു. നോട്ടുനിരോധനത്തിന്റെ ഫലമായാണ് തങ്ങൾക്ക് ജാമ്യമെടുക്കേണ്ടി വന്നതെന്ന് ഇക്കൂട്ടർ മറക്കുകയാണെന്നും മോദി പറഞ്ഞു. നോട്ടുനിരോധനത്തിന്റെ രണ്ടാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് കേന്ദ്രസർക്കാരിനെതിരെ രൂക്ഷമായ വിർമശനങ്ങളാണ് കോൺഗ്രസ് ഉന്നയിച്ചത്. നോട്ടുനിരോധനം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നും ഇക്കാര്യത്തിൽ പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.