letters-

കേരളകൗമുദി നവംബർ 11 ന് പ്രസിദ്ധീകരിച്ച വി.ജെ.ടി ഹാളിലെ ക്ഷേത്രപ്രവേശന വാർഷികാഘോഷത്തെക്കുറിച്ചുള്ള എന്റെ പ്രതികരണത്തിന്റെ തുടർച്ചയാണ് ഈ കത്ത്. പ്രദർശനഹാളിൽ വിവാദത്തിനിടയാക്കിയ ക്ഷേത്രപ്രവേശന വിളംബരാന്വേഷണ കമ്മിറ്റി അംഗങ്ങളുടെ പേരെഴുതിയ ബോർഡ് എന്റെ പ്രതികരണത്തെ തുടർന്ന് നീക്കം ചെയ്‌തതിനെ സ്വാഗതം ചെയ്യുന്നു. ക്ഷേത്രപ്രവേശന അന്വേഷണ കമ്മിറ്റിയിലെ ശ്രദ്ധേയനായ അംഗമായിരുന്നു ശ്രീനാരായണഗുരുവിന്റെ ശിഷ്യനായ ടി.ടി. കേശവൻ ശാസ്ത്രി. മാത്രമല്ല, ഈ ആവശ്യത്തിന് 14 പേജുള്ള സപ്ളിമെന്ററി മെമ്മോറാണ്ടം കമ്മിറ്റി മുൻപാകെ കേശവൻ ശാസ്ത്രി സമർപ്പിച്ചിരുന്നു. സംസ്‌കൃതത്തിലും മലയാളത്തിലും ഒരുപോലെ പാണ്‌ഡിത്യമുണ്ടായിരുന്ന ശാസ്‌ത്രികളെയാണ് ക്ഷേത്രപ്രവേശന വിളംബരം എഴുതി തയാറാക്കാൻ സർ സി.പി ഏൽപ്പിച്ചത്. സപ്ളിമെന്ററി മെമ്മോറാണ്ടത്തിന്റെ ഭാഷയും വിളംബരത്തിന്റെ ഭാഷയും ഒത്തുനോക്കിയാൽ അത് മനസിലാകും. പണ്‌ഡിതനെന്ന നിലയിലാണ് അദ്ദേഹത്തെ എല്ലാവരും ആദരിച്ചിരുന്നത്. ഇനി ഇങ്ങനെ ഒരു പ്രദർശനം സംഘടിപ്പിക്കുമ്പോൾ കമ്മിറ്റിയിലെ എല്ലാ അംഗങ്ങളുടെയും പേരടങ്ങിയ ബോർഡ് പ്രദർശിപ്പിക്കുമെന്ന് വിശ്വസിക്കുന്നു.

ടി.കെ. അനിയൻ

പ്രസിഡന്റ്

ടി.ടി. കേശവൻ ശാസ്‌ത്രി ഫൗണ്ടേഷൻ