ന്യൂഡൽഹി: ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച വിധിക്കെതിരെ സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട പുന:പരിശോധന ഹർജികൾ നാളെ പരിഗണിക്കും. തുറന്ന കോടതിയിലെ വാദം ഒഴിവാക്കി ചേംബറിലായിരിക്കും അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഹർജികൾ പരിഗണിക്കുന്നത്. ആകെ 48 പുനപരിശോധന ഹർജികളാണ് ഇതുവരെ സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ നാല് റിട്ട് ഹർജികൾ നാളെ രാവിലെയും ബാക്കിയുള്ളത് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കുമാണ് പരിഗണിക്കുക. ജഡ്ജിമാരുടെ ചേംബറിൽ അഭിഭാഷകർക്കോ കക്ഷികൾക്കോ പ്രവേശനം അനുവദിക്കില്ല.
പുന:സംഘടിപ്പിച്ച ബെഞ്ചിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നേതൃത്വം നൽകും. രാവിലെ പരിഗണിക്കുന്ന റിട്ട് ഹർജികൾ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് പരിശോധിക്കുക. അതേസമയം, ദേവസ്വം ബോർഡിന് വേണ്ടി നാളെ മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരം ഹാജരാകില്ലെന്ന് അറിയിച്ചിട്ടുണ്ട്.