പ്രളയകാലത്തെ ചങ്കൂറ്റത്തോടെയും ഒത്തൊരുമയോടെ നേരിട്ട ദൈവത്തിന്റെ സ്വന്തം നാടിന്റെ കഥ ഇന്ന് ലോകമെമ്പാടുമുള്ളവർ കാണും. കേരളത്തിന്റെ കരുതലും സ്‌നേഹവും തിരിച്ചുവരവും ലോകത്തെ അറിയിക്കാനായിട്ടാണ് ഡിസ്‌കവറി ചാനൽ ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. ഇന്ന് രാത്രി 9നാണ് പ്രദർശനം.
കേരള ഫ്ളഡ്സ്- ദി ഹ്യൂമൻ സ്റ്റോറി എന്ന ഡോക്യുമെന്ററിയിൽ ഓഗസ്റ്റ് 15 ന് തുടങ്ങിയ മഹാമാരിയിലും വെള്ളപ്പൊക്കത്തിലും പതറാതെ നിന്ന കേരള ജനതയുടെ അതിജീവനത്തിന്റെ ചരിത്രമാണ് പറയുന്നത്. രക്ഷാപ്രവർത്തനത്തിന് സ്വന്തം ജീവൻ മറന്നും ഓടിയെത്തിയ കടലിന്റെ മക്കളേയും സന്നദ്ധ പ്രവർത്തകരെയും ഡോക്യുമെന്ററിയിൽ പരിചയപ്പെടുത്തും.ചുറ്റുപാടും വെള്ളം കയറിയപ്പോൾ തന്റെ ജീവനേയും തനിക്കുള്ളിലെ ജീവന്റെ തുടിപ്പിനേയും രക്ഷിച്ച സജിതാ ജബിലും ഡോക്യുമെന്ററിയിൽ എത്തുന്നുണ്ട്.
തകർന്ന കേരളമല്ല, തിരിച്ചുകയറിയ കേരളത്തെയാണ് ലോകത്തിന് മുമ്പിൽ പരിചയപ്പെടുത്തുന്നതെന്ന് ചാനൽ വെസ് പ്രസിഡന്റും തലവനുമായ സുൽഫിയ വാരിസ് പറഞ്ഞു. കാലം മറന്നേക്കാവുന്ന ചില നൻമകളുണ്ട്. ആ നന്മകളെ ലോകം അറിയണം. ഒരു വലിയ തകർച്ചയെ കേരളം എങ്ങനെ അതിജീവിച്ചെന്ന് ലോകം മനസിലാക്കണം.സുല്‍ഫിയ പറഞ്ഞു.
പ്രളയകാലത്തെ അടിസ്ഥാനമാക്കി മലയാളത്തിലും ഡോക്യുമെന്ററിയും സിനിമയും ഒരുങ്ങുന്നുണ്ട്.