റായ്‌പൂർ : മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന ഛത്തീസ്ഗഡിൽ നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്നലെ പൂർത്തിയായി. 18 മണ്ഡലങ്ങളിലായി 70 ശതമാനം പോളിംഗ് രേഖപ്പെടുത്തി.അതിനിടെ ബിജാപുരിൽ അഞ്ചു മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പലയിടത്തും അനിഷ്ടസംഭവങ്ങൾ ഉണ്ടായി. ദന്തേവാഡയിലെ പോളിംഗ് ബൂത്തിന് ഒരു കിലോമീറ്റർ അകലെ സ്ഫോടനമുണ്ടായി.
ബന്ധയിലെ കോണ്ഡയിൽ പോളിംഗ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ (ഐ.ഇ.ഡി) കണ്ടെത്തി. വോട്ടെടുപ്പ് മരച്ചുവട്ടിലേക്കു മാറ്റി.
ബസ്താർ, മുഖ്യമന്ത്രി രമൺ സിംഗിന്റെ മണ്ഡലമായ രാജ്നന്ദ്ഗാവ് എന്നിവിടങ്ങളിൽ നൂറുകണക്കിന് സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു.
കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. മാവോയിസ്റ്റ് ആക്രമണ സാധ്യതയുള്ള 10 മണ്ഡലങ്ങളിൽ രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് 3 മണിക്ക് അവസാനിച്ചു.
2013ൽ 18 മണ്ഡലങ്ങളിലെ പോളിംഗ് 67 ശതമാനമായിരുന്നു.
കോൺഗ്രസും ബി.ജെ.പിയും പരമ്പരാഗത വൈരികളായ ഛത്തിസ്ഗഡിൽ ആദ്യമായാണ് ശക്തമായ ത്രികോണ മത്സരം നടക്കുന്നത്. അജിത് ജോഗിയുടെ ജനതാ കോൺഗ്രസിന്റെ നേതൃത്യത്തിലുള്ള മൂന്നാം മുന്നണി ആരുടെ വോട്ടുകൾ ചോർത്തുമെന്നാണ് കണ്ടറിയേണ്ടത്. അതേസമയം തിരഞ്ഞെടുപ്പിനിടെ ഛത്തീസ്ഗഡ് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഗണറാം സാഹു ബി.ജെ.പിയിൽ ചേർന്നു. ഞായറാഴ്ച കോൺഗ്രസ് വിട്ട സാഹു ദേശീയ അധ്യക്ഷൻ അമിത് ഷായുടെ സാന്നിധ്യത്തിലാണ് ബി.ജെ.പിയിൽ ചേർന്നത്.