mj-akbar

ന്യൂഡൽഹി: മീ ടൂ കാമ്പെയിനിൽ ആരോപണ വിധേയനായ എം.ജെ. അക്ബറിന് പിന്തുണയുമായി മാധ്യമപ്രവർത്തക. എം.ജെ. അക്ബർ മാന്യനും സത്യസന്ധനായ ഉദ്യോഗസ്ഥനും സമർത്ഥനായ അദ്ധ്യാപകനുമാണെന്നാണ് അക്ബറിന്റെ മുൻ സഹപ്രവർത്തക കൂടിയായ ജൊയീത്ത ബസു പറഞ്ഞത്. പട്യാല കോടതിയിൽ അക്ബർ നൽകിയ മാനനഷ്ടക്കേസിന്റെ വാദത്തിനിടെയാണ് ജോയീത്ത ബസുവിന്റെ പരാമർശം. സൺഡേ ഗാർഡിയൻ എഡിറ്ററാണ് ജൊയീത്ത. പരാതിയിലെ ആറു സാക്ഷികളിൽ ഒരാളാണ് ഇവർ.

കേന്ദ്രമന്ത്രി പദത്തില്‍നിന്ന് രാജിവെച്ചതിന് തൊട്ടടുത്ത ദിവസമാണ് അക്ബർ മാനനഷ്ടക്കേസ് നൽകിയത്.

അക്ബറിനെതിരെ പ്രിയ രമണി ട്വീറ്റുമായി രംഗത്ത് വന്നപ്പോൾ ആദ്യം താൻ ഞെട്ടിയെന്നും പിന്നീട് നിരാശ തോന്നിയെന്നും ജൊയീത്ത പറയുന്നുഇരുപത് വർഷമായി അക്ബറിന് പരിചയമുണ്ടെന്നും അക്ബറിൽ നിന്ന് മോശപ്പെട്ട അനുഭവങ്ങൾ തനിക്ക് ഒരിക്കൽപ്പോലും നേരിടേണ്ടിവന്നിട്ടില്ലെന്നും ജൊയീത്ത മൊഴി നൽകി. ഒരു മാദ്ധ്യമപ്രവർത്തക ഏതു രീതിയിൽ പ്രവർത്തിക്കണമെന്നു പഠിച്ചത് അദ്ദേഹത്തിൽ നിന്നാണ്. തന്റെ ജോലിയോടു നൂറു ശതമാനം ആത്മാർത്ഥതയുള്ള ആളാണ് അദ്ദേഹം. തന്റെയും സമൂഹത്തിന്റെയും കണ്ണിൽ അദ്ദേഹം തികച്ചും മാന്യതയും മതിപ്പുമുള്ള ആളാണ്.– ജൊയീതാ ബസു പറഞ്ഞു.

നേരത്തെ അക്ബറിനെതിരെ ലൈംഗിക ആരോപണങ്ങളുമായി പതിനഞ്ചോളം പേർ രംഗത്ത് വന്നിരുന്നു. ഇതിൽ പ്രിയ രമണിക്കെതിരെ മാത്രമാണ് അക്ബർ പരാതിയുമായി കോടതിയെ സമീപിച്ചത്.