ksrtc-bus

മാനന്തവാടി: കുറ്റ്യാടിയിൽ നിന്നും മാനന്തവാടിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരിയായ യുവതിയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ. വടകര തിരുവള്ളൂർ കുന്നുമ്മലങ്ങാടി താഴെക്കുനി വീട്ടിൽ കെ.ഹനീഷ് (40) നെയാണ് തൊണ്ടർനാട് അഡി.എസ്.ഐ അബ്ദുള്ളയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് സംഭവം. ബസിൽവച്ച് യുവതിയോട് ലൈംഗീകചുവയോടെ കണ്ടക്ടർ പെരുമാറുകയായിരുന്നു. 354 വകുപ്പുൾപ്പെടെയുള്ളവ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. ഹനീഷ് ബസിൽ വച്ച് ആദ്യം യുവതിയെ അറിഞ്ഞുകൊണ്ട് സ്പർശിക്കാൻ ശ്രമിച്ചതായും, ശേഷം ശരീരഭാഗത്ത് പിടിച്ചതുമായാണ് പരാതി. ഇതിനെ തുടർന്ന് യുവതി ഭാവി വരന് മൊബൈലിൽ സന്ദേശമയക്കുകയും, അദ്ദേഹം പൊലീസിൽ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ തൊണ്ടർനാട് പൊലീസ് ബസ് തടഞ്ഞ് നിർത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ബസ് തടഞ്ഞിട്ടതുമൂലം ട്രിപ് മുടങ്ങിയെങ്കിലും അടുത്ത ബസിൽ യാത്രികരെ കയറ്റി അയച്ചു. യുവതിയുടെ സമയോചിതമായ ഇടപെടൽ മൂലമാണ് കണ്ടക്ടറെ കൈയോടെ പിടികൂടാൻ പൊലീസിന് കഴിഞ്ഞത്.