-brinda-karat

ന്യൂഡൽഹി: ആർത്തവം അശുദ്ധിയല്ലെന്ന് ചിന്തിക്കുന്ന സ്ത്രീകൾക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കുന്നത് പുരോഗതിയിലേക്ക് നീങ്ങുന്ന ഒരു സമൂഹത്തിന് ചേർന്നതല്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി ഡൽഹി കേരള ഹൗസിൽ പബ്ളിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തിലാണ് വൃന്ദ കാരാട്ട് ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്.

ആർത്തവം അശുദ്ധിയാണെന്ന് കരുതുന്ന സ്ത്രികൾക്ക് ക്ഷേത്രത്തിൽ കയറുന്നില്ല എന്ന് തീരുമാനിക്കാം. എന്നാൽ അശുദ്ധിയല്ലെന്ന് ചിന്തിക്കുന്നവരെ തടയുന്നത് പുരോഗതിയിലേക്ക് നീങ്ങുന്ന സമൂഹത്തിന് ഭൂഷണമല്ല. ആർത്തവ പ്രായപരിധിലുള്ള സ്ത്രീകളെ അതില്ലാത്ത സമയത്തും ക്ഷേത്രപ്രവേശനം നിഷേധിക്കുന്നത് യുക്തിക്ക് വിരുദ്ധമാണ്. നവോത്ഥാന ചരിത്രം വേണ്ടുവോളമുള്ള നാടാണ് കേരളം എന്ന് മറക്കരുത്. ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധി ഏറെ പ്രാധാന്യമുള്ളതും അർത്ഥവത്തുമാണ്. മുലക്കരം ചോദിച്ചവർക്ക് മുലയറുത്ത് കൊടുത്തവരുടെ നാടാണ് കേരളം. കേരളത്തിലെ ക്ഷേത്രപ്രവേശന വിളംബരം ഇന്ത്യ ഒട്ടാകെ മാതൃകയായതാണ്. ഇത്തരം മുല്യങ്ങളാണ് നമ്മൾ ഉയർത്തിക്കാട്ടേണ്ടതെന്നും വൃന്ദ കാരാട്ട് പറഞ്ഞു.