കൊച്ചി: കരിക്കിൻ വെള്ളത്തിന് പ്രിയമേറിയതോടെ നാളികേര കർഷകർ നുണയുന്നത് ലാഭത്തിന്റെ മധുരം. കത്തുന്ന വേനലിൽ ഒരിറ്റ് ആശ്വാസത്തിനായി തണ്ണിമത്തനെയും കരിമ്പിനെയും കുലുക്കി സർബത്തിനെയും ആശ്രയിച്ചിരുന്ന മലയാളികൾ നാടൻ 'ശീതള പാനീയ' മായ കരിക്കിലേക്ക് തിരിഞ്ഞതോടെ വില കുതിച്ചു കയറിയതാണ് കർഷകർക്ക് നേട്ടമായത്. 25-30 രൂപയുണ്ടായിരുന്ന കരിക്കിന് വിലയിപ്പോൾ 45-50 രൂപയിലെത്തി. കർഷകന് 40-45 രൂപ വരെ കിട്ടും.
തണ്ണിമത്തന്റെ വരവ് കുറഞ്ഞതും കുലുക്കി സർബത്തിന്റെ 'ക്വാളിറ്റി' യെക്കുറിച്ചുള്ള ആശങ്കയുമാണ് കരിക്കിനെ പ്രിയങ്കരമാക്കുന്നതെന്ന് കർഷകർ പറയുന്നു. ഇളനീരിന് പുറമേ, മൂല്യവർദ്ധിത ഉത്‌പന്നങ്ങൾക്ക് ഡിമാൻഡേറിയതോടെ കരിക്കിനിത് നല്ല കാലമാണ്. കൂൾ ബാറുകളിലും ഷോപ്പിംഗ് മാളുകളിലുമെല്ലാം ഇളനീർ കൊണ്ടുള്ള ഷേക്ക്, പുഡിംഗ്, ഹൽവ, ഐസ്‌ക്രീം എന്നിവ വൻതോതിൽ വിറ്റഴിയുന്നു.
ഉത്‌പാദനത്തിലും നേട്ടം
ഹ്രസ്വകാലം കൊണ്ട് കൂടുതൽ ഉത്പാദനം ലഭിക്കുന്ന വിവിധ തെങ്ങിൻ തൈകൾ നാളികേര വികസന ബോർഡ് കർഷകർക്കു ലഭ്യമാക്കുന്നുണ്ട്. മലയൻ ഗ്രീൻ ഡ്വാർഫ്, മലയൻ യെല്ലോ ഡാർഫ് തുടങ്ങിയ തൈകളാണ് കുറഞ്ഞ കാലയളവിൽ വൻ വിളവ് ലഭ്യമാക്കുന്നത്.
ഒരു വർഷം 150 കരിക്ക് വരെ ഒരു തെങ്ങിൽ നിന്ന് കിട്ടും. വർഷം ഒരു തെങ്ങിൽ നിന്ന് 4500 രൂപ വരെ ആദായം കിട്ടും. ഒരുതെങ്ങിന് പരമാവധി പരിപാലന ചെലവ് 500 രൂപ വരും . ആദായം ലഭിക്കുവാൻ അഞ്ചു വർഷം കാത്തിരിക്കണമെന്നതാണ് കരിക്ക് കൃഷിയിലേയ്ക്ക് തിരിയാൻ കർഷകർ മടിക്കുന്നതിന്റെ കാരണമെന്നാണ് പറയുന്നത്.
കൃഷി വകുപ്പ്, നാളികേര വികസന ബോർഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചാൽ കൂടുതൽ കർഷകർ കൃഷി ചെയ്യാൻ സന്നദ്ധരാകും.
നാടനോടാണ് ഇഷ്‌ടം
തമിഴ്‌നാട്ടിൽ നിന്നാണ് കരിക്ക് കൂടുതലായി കേരളത്തിലെത്തുന്നത്. എന്നാൽ, ഇപ്പോൾ കേരളത്തിൽ ഡിമാൻഡ് കൂടുതൽ നാടൻ കരിക്കിനാണ്. തമിഴ്‌നാട്ടിൽ നിന്നുള്ള കരിക്കിൽ മരുന്ന് പ്രയോഗം കൂടുതലാണെന്ന ആശങ്കയാണ് കാരണം. കൂടുതൽ മധുരവും നാടൻ കരിക്കിനാണ്.
യുവാക്കളെ ആകർഷിക്കും
ഇന്ന് കരിക്കിനും തേങ്ങയ്ക്കും മികച്ച വിലയുണ്ട്. അതുകൊണ്ട് തെങ്ങിന് പറ്റിയ വളക്കൂറുള്ള കേരളത്തിൽ ഏറ്റവും ആദായകരമായി നടത്താൻ പറ്റുന്ന കൃഷിയായി തെങ്ങ് മാറിയിട്ടുണ്ട്. യുവകർഷകരെ ഉൾപ്പെടെ ഈ മേഖലയിലേക്ക് കൊണ്ടുവരുവാൻ സാധ്യമായ നടപടികൾ സ്വീകരിക്കും.
രാജു നാരായണസ്വാമി, ചെയർമാൻ, നാളികേര വികസന ബോർഡ്
കരിക്കിന് മികച്ച വില വന്നതോടെ നാളികേര കർഷകർ ആവേശത്തിലാണ്. തെങ്ങ് കൃഷിയെ പ്രോത്സാഹിപ്പിക്കാൻ കൃഷി വകുപ്പ് കൂടി തയ്യാറായാൽ കേരളത്തിന് നഷ്ടപ്പെട്ട വിപണി തിരിച്ചുപിടിക്കാം.
സിമ്പിൾ തോമസ്, കർഷകൻ