തിരുവനന്തപുരം: കേരളകൗമുദി ആസ്ഥാനത്ത് അതിക്രമിച്ചുകയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതിയെ, കഞ്ചാവ് വിൽപ്പനക്കേസിൽ നൽകിയിരുന്ന ഇടക്കാല ജാമ്യം റദ്ദാക്കി ജയിലിലടച്ചു.തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അവസാനവർഷ ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥി കൊല്ലം ഇളമാട് എച്ച്.പി പെട്രോൾ പമ്പിന് സമീപം നടവിള പടിഞ്ഞാറ്റിൽ വീട്ടിൽ ജി.ജയചന്ദ്രൻ പിളളയുടെ മകൻ ജഗിൽ ചന്ദ്രനെ (22) ഈ മാസം 26 വരെയാണ് അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് ടി.കെ.സുരേഷ് റിമാൻഡ് ചെയ്തത്. കേരളകൗമുദി ഓഫീസിൽ അതിക്രമം കാട്ടിയതിന് ഇയാളെ ഇന്ന് ജയിലിലെത്തി അറസ്റ്റ് ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ പി.പ്രകാശ് അറിയിച്ചു. ജഗിലിനൊപ്പം അതിക്രമം കാട്ടാനെത്തിയവർ ഒളിവിലാണെന്നും അവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും കമ്മിഷണർ പറഞ്ഞു.
മെഡിക്കൽ കോളേജ് ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ കഞ്ചാവ് കച്ചവടം നടത്തിയിരുന്ന ജഗിലിനെ ഏറെക്കാലമായി പൊലീസ് നിരീക്ഷിക്കുകയായിരുന്നു. പൊലീസിനെ കണ്ട് ചുവന്ന പൾസർ ബെെക്കിൽ കടന്നു കളയാൻ ശ്രമിച്ച ഇയാളെ സാഹസികമായാണ് മെഡിക്കൽ കോളേജ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കിയിരുന്നെങ്കിലും അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് ടി.കെ സുരേഷ് അവധിയിലായിരുന്നതിനാൽ ചുമതല ഉണ്ടായിരുന്ന ജുഡിഷ്യൽ ഒന്നാം ക്ളാസ് മജിസട്രേട്ട് പ്രതിയ്ക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. ഇടക്കാല ജാമ്യം നേടി പുറത്തിറങ്ങിയ പ്രതിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ശനിയാഴ്ച വൈകിട്ട് കേരളകൗമുദി ആസ്ഥാനത്തെത്തി ഭീഷണി മുഴക്കുകയും അതിക്രമം കാട്ടുകയുമായിരുന്നു. കഞ്ചാവ്
പിടി കൂടിയതുമായി ബന്ധപ്പെട്ട് നൽകിയ വാർത്ത പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അതിക്രമം.
ജാമ്യം ലഭിച്ച പ്രതിയുടെ നേതൃത്വത്തിൽ ഒരു സംഘമാളുകൾ 'കേരളകൗമുദി' ആസ്ഥാനത്ത് അതിക്രമം കാട്ടിയെന്ന് പേട്ട പൊലീസ് ഇന്നലെ കോടതിയിൽ റിപ്പോർട്ട് നൽകി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ജഗിലിന്റെ ജാമ്യം റദ്ദാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. പ്രതിയ്ക്ക് ഒരു തരത്തിലും ജാമ്യം അനുവദിക്കരുതെന്ന് സീനിയർ ഗ്രേഡ് എ.പി.പി ശുഭകുമാരി അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയെ അറിയിച്ചു. ഇതോടെ, കോടതി ജാമ്യം റദ്ദാക്കി പ്രതിയെ ജയിലിലേക്ക് അയക്കുകയായിരുന്നു.