കൊൽക്കത്ത : ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൊൽക്കത്തയിൽ നിന്ന് മത്സരിക്കണമെന്ന് ബംഗാൾ സംസ്ഥാന അദ്ധ്യക്ഷൻ ദീലീപ് ഘോഷ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പുരിയിൽ നിന്ന് മത്സരിക്കുകയാണെങ്കിൽ എന്ത് കൊണ്ട് അമിത് ഷായ്ക്ക് കൊൽക്കത്തയിൽ മത്സരിച്ചുകൂടാ. മോദി വരാണസിയിൽ നിന്ന് മത്സരിച്ചതോടെ ഉത്തർപ്രദേശിന് എന്ത് സംഭവിച്ചുവെന്ന് ഓർക്കണമെന്നും ദിലീപ് ഘോഷ് പറഞ്ഞു. ഇത് ബംഗാളിലെ രാഷ്ട്രീയ അന്തരീക്ഷത്തെ മാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ ആവശ്യം അമിത് ഷാ പരിഗണിക്കുമെന്നാണ് കരുതുന്നത്. അടുത്ത തിരഞ്ഞെടുപ്പിൽ ബി.ജെ.പി ബംഗാളിനെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും ദിലീപ് ഘോഷ് പറഞ്ഞു.
എന്നാൽ ബംഗാളിൽ ആവേശമുണ്ടാക്കാനുള്ള ശ്രമം മാത്രമാണ് ദിലീപ് ഘോഷിന്റേതെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു. ബംഗാളിലെ 42 സീറ്റിൽഏതെങ്കിലും ഒന്നിൽ മത്സരിക്കാൻ അമിത് ഷായെ തൃണമൂൽ വെല്ലുവിളിച്ചു.അതേ സമയം മോദി പുരിയിൽ നിന്നോ അമിത് ഷാ കൊൽക്കത്തയിൽ നിന്നോ മത്സരിക്കുമെന്ന് ബി.ജെ.പി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
42ൽ 22 സീറ്റും ബി.ജെ.പി പിടിച്ചെടുക്കുമെന്ന് അടുത്തിടെ ബംഗാളിലെത്തിയ അമിത് ഷാ അവകാശപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡിസംബർ ആദ്യ വാരം മൂന്ന് രഥയാത്രകളാണ് ബി.ജെ.പി ബംഗാളിൽ സംഘടിപ്പിച്ചിരിക്കുന്നത്.