kasab

ന്യൂഡൽഹി: മുംബയ് ഭീകരാക്രമണക്കേസിൽ തൂക്കിലേറ്റിയ ഭീകരൻ അജ്മൽ കസബിന്റെ അവസാനവാക്കുകൾ വെളിപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥൻ. തൂക്കിലേറ്റപ്പെടുന്നതിന് തലേദിവസം കസബ് തന്നോട് സംസാരിച്ച കാര്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥനായ രമേഷ് മഹാലെ വെളിപ്പെടുത്തിയത്. ആർതർ റോഡ് ജയിലിൽ നിന്ന് യേർവാഡ ജയിലിലേക്ക് കൊണ്ടുപോകും വഴി ' നിങ്ങൾ ജയിച്ചു, ഞാൻ തോറ്റു' എന്ന് മാത്രമാണ് കസബ് പറഞ്ഞത്. അപ്പോഴേക്കും ആത്മവിശ്വാസം നഷ്ടപ്പെട്ട് മരണഭയത്തിന് കസബ് കീഴടങ്ങിയിരുന്നെന്നും മഹാലെ പറയുന്നു. 2012 നവംബർ 11നാണ് കസബിന് വധശിക്ഷ വിധിച്ചത്. പത്ത് ദിവസങ്ങൾക്ക് ശേഷം നവംബർ 21നാണ് വധശിക്ഷ നടപ്പാക്കിയത്.

2008 നവംബർ 26ന് നടന്ന മുംബയ് ഭീകരാക്രമണത്തെക്കുറിച്ചുള്ള കേസന്വേഷിച്ച പ്രത്യേക ക്രൈംബ്രാഞ്ച്‌ സംഘത്തിന്റെ തലവനായിരുന്നു രമേഷ് മഹാലെ. 2013ലാണ് മഹാലെ സർവീസിൽനിന്ന് വിരമിച്ചത്. ആക്രമണത്തിന് ശേഷം പിടിയിലായ കസബ് 81 ദിവസം ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലായിരുന്നു. പിന്നീട് ആർതർ റോഡ് ജയിലിലെ പ്രത്യേകം സജ്ജമാക്കിയ ജയിലിലേക്ക് കസബിനെ മാറ്റിയിരുന്നു.

കോടതിയിൽ നിന്ന് തൂക്കിക്കൊല്ലാനുള്ള വിധിപ്പകർപ്പ് ലഭിക്കുന്നത് വരെ നിയമത്തിന്റെ നൂലാമാലകളിലൂടെ താൻ രക്ഷപ്പെടുമെന്ന് തന്നെയാണ് കസബ് വിശ്വസിച്ചിരുന്നതെന്ന് മഹാലെ പറഞ്ഞു. പാകിസ്താൻ പൗരനായ താൻ അമിതാഭ് ബച്ചനെ കാണാനായാണ് മുംബൈയിലേക്ക് നിയമാനുസൃത വിസയിൽ വന്നതെന്നാണ് കസബ് വാദിച്ചത്. ബച്ചന്റെ ജൂഹു വസതിക്ക് മുമ്പിൽ കാത്തുനിന്നപ്പോഴാണ് തന്നെ അന്വേഷണോദ്യോഗസ്ഥർ പിടികൂടിയതെന്നായിരുന്നു കസബിന്റെ വാദം. ഒരു ചോദ്യത്തിന് പോലും ശരിയായി ഉത്തരം പറയാൻ കസബ് തയ്യാറായിരുന്നില്ലെന്നും മഹാലെ വിവരിച്ചു.