valsan-thillenkeri-

തിരുവനന്തപുരം: ചിത്തിര ആട്ടവിശേഷ പൂജകൾക്കായി ശബരിമലയിൽ നട തുറന്നപ്പോൾ ഉണ്ടായ സംഘർഷത്തിനിടയിൽ വത്സൻ തില്ലങ്കേരി പൊലീസ് മൈക്കുപയോഗിച്ചതിനെ ന്യായീകരിച്ച് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ. വത്സന്‍ തില്ലങ്കേരി സന്നിധാനത്ത് പൊലീസ് മൈക്ക് ഉപയോഗിച്ചതില്‍ തെറ്റില്ലെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു.

സന്നിധാനത്ത് വന്ന ആർ.എസ്.എസുകാരിൽ ക്രിമിനലുകൾ ഉണ്ട്. അവരെ തിരിച്ചറിയണമെന്നാണ് വത്സൻ തില്ലങ്കേരി ആവശ്യപ്പെട്ടതെന്ന് എം.വി.ഗോവിന്ദൻ ചാനൽ ചർച്ചയിൽ പറഞ്ഞു. വത്സൻ തില്ലങ്കേരിക്ക് മൈക്ക് കൊടുത്തത് പൊലീസിന്റെ തീരുമാനമാണ്. അത് ആവശ്യമെങ്കിൽ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നവംബർ ആറിന് രാവിലെയാണ് വത്സൻ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയിൽ എത്തി പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ഇതിന് ശേഷം വത്സൻ തില്ലങ്കേരി ഇരുമുടിയില്ലാതെ പതിനെട്ടാം പടി കയറുകയും ചെയ്തു. പൊലീസ് മൈക്കിലൂടെയും വത്സൻ തില്ലങ്കേരിയുടെ പ്രസംഗം ഉണ്ടായിരുന്നു. ചോറൂണിനെത്തിയ അമ്പത് വയസ്സ് കഴിഞ്ഞ സ്ത്രീയ്ക്ക് നേരെ പ്രതിഷേധക്കാർ പാഞ്ഞടുത്ത സംഭവത്തെ തുടർന്നായിരുന്നു തില്ലങ്കേരിയുടെ പ്രസംഗം.