jammu-and-kasmir

ശ്രീനഗർ: ഡിസംബർ 19ന് ഗവർണർ ഭരണത്തിന്റെ കാലാവധി അവസാനിക്കുന്നതോടെ ജമ്മു കാശാമീരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ സാദ്ധ്യത. ഇത് സംബന്ധിച്ച് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചതായാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. നിലവിലെ സാഹചര്യത്തിൽ ഗവർണർ ഭരണത്തിന്റെ കാലാവധി നീട്ടാൻ നിയമപരമായി സാദ്ധ്യത ഇല്ല. ഇതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് കളമൊരുങ്ങുന്നത്.

ജൂൺ 19ന് മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പി.ഡി.പിയുമായി ഉണ്ടായിരുന്ന സഖ്യം ബി.ജെ.പി അവസാനിപ്പിച്ചിരുന്നു. ഇതോടെയാണ് സംസ്ഥാനത്ത് ഗവർണർ ഭരണം ഏർപ്പെടുത്തിയത്. ഡിസംബർ 19ന് ഗവർണർ ഭരണം ആറുമാസം പൂർത്തിയാക്കും. ഇതോടെ സംസ്ഥാനത്ത് രാഷ്ട്രപതിഭരണം പ്രാവർത്തികമാക്കേണ്ടി വരുമെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നിലവിലെ നയമസഭയിൽ നിന്ന് സർക്കാർ രൂപീകരണം അസാദ്ധ്യമായതുകൊണ്ട് സംസ്ഥാനത്ത് നേരത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് ഗവർണർ സത്യപാൽ മാലിക് പറഞ്ഞിരുന്നു. സംസ്ഥാനത്ത് നിലവിൽ ആർക്കും ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ല. 87 അംഗ നിയമസഭയിൽ പി.ഡി.പിക്ക് 28 സീറ്റും, ബി.ജെ.പിക്ക് 25 സീറ്റും നാഷണൽ കോൺഫറൻസിന് 15 സീറ്റുമാണുള്ളത്.