ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറയുന്ന മമ്മൂട്ടിച്ചിത്രം യാത്രയുടെ ആദ്യ റിലീസ് അമേരിക്കയിൽ .ഡിസംബർ 20നാണ് ചിത്രത്തിന്റെ യു.എസ്. പ്രീമിയർ.
തെലുങ്കിലെ പ്രഥമ ബയോപിക്കായ മഹാനടി ഉൾപ്പെടെയുള്ള നിരവധി ബ്ളോക്ക് ബാസ്റ്ററുകൾ അമേരിക്കയിൽ റിലീസ് ചെയ്ത നിർവാണാ സിനിമാസാണ് യാത്രയും അമേരിക്കയിൽ റിലീസ് ചെയ്യുന്നത്. ഇരുപത് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി തെലുങ്കിലഭിനയിക്കുന്ന യാത്രയ്ക്ക് തെലുങ്ക് സിനിമാ ലോകം കണ്ട ഏറ്റവും വലിയ റിലീസാണ് അണിയറ പ്രവർത്തകർ പ്ളാൻ ചെയ്യുന്നത്.
ആനന്ദോബ്രഹ്മ എന്ന സൂപ്പർഹിറ്റിന് ശേഷം മഹി. വി. രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് തെലുങ്കിൽ ഒട്ടേറെ വമ്പൻ ഹിറ്റുകൾ നിർമ്മിച്ച 70 എം.എം. എന്റർടെയ്ൻമെന്റ്സാണ്.
ഡിസംബർ 21 നാണ് അമേരിക്ക ഒഴികെയുള്ള രാജ്യങ്ങളിലും ഇന്ത്യയിലും യാത്ര റിലീസ് ചെയ്യുന്നത്. ലോകവ്യാപകമായി 1200 സ്ക്രീനുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന.