dams

ഗ്രാൻഡ് അണക്കെട്ട്
ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ട് കാവേരി നദിയിൽ നിർമ്മിക്കപ്പെട്ടു. എ.ഡി ഒന്നാം നൂറ്റാണ്ടിൽ കരികാല ചോളൻ നിർമ്മിച്ച കല്ലണക്കെട്ടാണിത്. 19ാം നൂറ്റാണ്ടിൽ ഇത് പുതുക്കിപ്പണിതു. ഗ്രാൻഡ് അണക്കെട്ട് എന്ന് അറിയപ്പെടുന്നു. പിന്നീട് നിർമ്മിക്കപ്പെട്ട ഇന്ത്യയിലെ പ്രധാന അണക്കെട്ടുകൾ നോക്കാം.

തേഹ്രി : ഉയരത്തിൽ വമ്പൻ
ഉത്തരാഖണ്ഡിൽ ഭാഗീരഥിക്ക് കുറുകെയുള്ള തേഹ്രി അണക്കെട്ടാണ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്. 261 മീറ്ററാണ് ഉയരം. 1978 ൽ നിർമ്മാണം തുടങ്ങി 2006 ൽ ആദ്യഘട്ടം പൂർത്തിയായി.

ഫറാക്ക അണക്കെട്ട്
ഗംഗാനദിയിലെ ജലപ്രവാഹം നിയന്ത്രിക്കാൻ 1986 ൽ പശ്ചിമബംഗാളിൽ നിർമ്മിച്ചതാണ്. വേനൽക്കാലത്ത് ഹൂഗ്ളി നദിയിലേക്ക് വെള്ളം തിരിച്ചുവിടുകയും കൊൽക്കത്ത തുറമുഖത്തെ എക്കലടിഞ്ഞ് കൂടുന്നതിൽ നിന്നും സംരക്ഷിക്കുകയുമാണ് പ്രധാന ലക്ഷ്യം. 2240 മീറ്ററാണ് ഇതിന്റെ നീളം.

നീളത്തിൽ : ഹിരാക്കുഡ് മുന്നിൽ
ഒഡിഷയിലെ സാംബൽപ്പൂർ ജില്ലയിൽ മഹാനദിക്ക് കുറുകെയാണ് ഹിരാക്കുഡ്. പ്രധാന അണക്കെട്ടിന്റെ നീളം 4.8 കിലോമീറ്ററാണ്. 1946 ൽ നിർമ്മാണം തുടങ്ങി. 1957 ജനുവരി 13ന് അന്നത്തെ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു രാഷ്ട്രത്തിന് സമർപ്പിച്ചു. പ്രധാന അണക്കെട്ടിന് പുറമേ 21 കിലോമീറ്റർ നീളമുള്ള ചിറയും ഹിരാക്കുഡിനുണ്ട്. അണക്കെട്ടിന്റെയും ചിറയുടെയും നീളം ചേർത്താൽ ലോകത്തിലെ ഏറ്റവും നീളംകൂടിയ അണക്കെട്ടാണിത്‌.

ഭക്രാനംഗൽ
സത്ലജ് നദിയിലാണ് ഭക്രാനംഗൽ അണക്കെട്ട് ഹിമാചൽപ്രദേശിലെ ബിലാസ്പൂർ ജില്ലയിലാണ് . 226 മീറ്റർ ഉയരം ഇന്ത്യയിലെ രണ്ടാമത്തെ ഉയരംകൂടിയ അണക്കെട്ട്.
1963 ൽ ഉദ്ഘാടനം ചെയ്യപ്പെട്ടു.
ഭക്രാ അണക്കെട്ട് രൂപം കൊടുക്കുന്ന തടാകമാണ് ഗോവിന്ദ് സാഗർ. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾക്കും ഡൽഹിക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നു.

നാഗാർജുന സാഗർ
ആന്ധ്രാപ്രദേശിൽ കൃഷ്ണാനദിക്ക് കുറുകെയുള്ള അണക്കെട്ടാണ് നാഗാർജുന സാഗർ. പ്രാചീന ബുദ്ധ മത പണ്ഡിതനായ നാഗാർജ്ജുനന്റെ പേരിലുള്ള ഈ അണക്കെട്ടിന് 1955 ഡിസംബറിൽ തറക്കല്ലിട്ടു. 1969 ൽ നിർമ്മാണം പൂർത്തിയായി.

സർദാർ സരോവർ
നർമ്മദയിലെയും പോഷകനദികളിലെയും ജലസേചന വൈദ്യുതോത്പാദന സാദ്ധ്യതകൾ ചൂഷണം ചെയ്യുന്ന പദ്ധതിയാണ്. 30 വലിയ അണക്കെട്ടുകളും 3000 ചെറിയ അണക്കെട്ടുകളും ഈ പദ്ധതിയിൽ പെടുന്നു. ഗുജറാത്ത് മദ്ധ്യപ്രദേശ്, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കുന്നു.

ഇന്ദിരാഗാന്ധി പ്രോജക്ട്
രാജസ്ഥാന്റെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലസേചനം ലഭ്യമാക്കുന്ന ഈ പദ്ധതി രാജസ്ഥാൻ കനാൽ എന്ന് തുടക്കത്തിൽ അറിയപ്പെട്ടു. പഞ്ചാബിൽ സത്ലജ്, ബിയാസ് നദികൾ കൂടിച്ചേർന്നതിനുശേഷമുള്ള ഹരിക്കെ തടയണയിൽ നിന്നാണ് ഇന്ദിരാഗാന്ധി കനാൽ തുടങ്ങുന്നത്. കനാലിന്റെ നീളം 650 കിലോമീറ്റർ.