തിരുവനന്തപുരം: പ്രവർത്തനം ആരംഭിച്ച് ഇരുപത് വർഷങ്ങൾക്കുശേഷം വാടകക്കെട്ടിടങ്ങളിൽ നിന്ന് മാറി കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമിക്ക് സ്വന്തമായൊരു ആസ്ഥാനമുണ്ടായിരിക്കുന്നു. അക്കാഡമിയുടെ ഉടമസ്ഥതയിലുള്ള കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലെ രണ്ട് ഏക്കർ സ്ഥലത്താണ് ചലച്ചിത്ര അക്കാഡമിക്ക് ആസ്ഥാന മന്ദിരവും ചലച്ചിത്ര ഗവേഷകർക്കായി സെന്റർ ഫോർ ഇന്റർനാഷണൽ ഫിലിം റിസർച്ച് ആൻഡ് ആർക്കൈവ്സും (സിഫ്ര) രണ്ടാഴ്ചയ്ക്കുള്ളിൽ ഉദ്ഘാടനത്തിനൊരുങ്ങുന്നത്. വർഷങ്ങളായി അക്കാഡമിയുടെ ഓഫീസ് ശാസ്തമംഗലത്തെ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
മലയാള ചലച്ചിത്ര ശാഖയ്ക്ക് 2018 ഒട്ടേറെ പ്രാധാന്യങ്ങൾ നിറഞ്ഞൊരു വർഷമാണ്. മലയാളം സിനിമ പ്രയാണം ആരംഭിച്ചിട്ട് 90 വർഷം പിന്നിടുന്നു. അതുപോലെ തന്നെ ചലച്ചിത്ര അക്കാഡമി നിലവിൽ വന്നിട്ട് ഇരുപത് വർഷമാകുന്നു. ഈ അവസരത്തിലാണ് മലയാള സിനിമയെ പരിപോഷിപ്പിക്കാൻ സ്വന്തമായൊരു ഗവേഷണ കേന്ദ്രവും സ്ഥിരം ആസ്ഥാനവും അക്കാഡമിക്ക് സ്വന്തമായിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂണോടെയാണ് ഇതിനായുള്ള നിർമ്മാണങ്ങൾ ആരംഭിച്ചത്. രണ്ട് കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയെങ്കിലും നിർമ്മാണം അവസാനിച്ചപ്പോൾ ചെലവ് നാലു കോടി കടന്നു. ഓഫീസ്, ലൈബ്രറി, മ്യൂസിയം, പ്രിവ്യൂ തിയേറ്റർ, ആർക്കൈവ്സ് എന്നിവയുൾപ്പെട്ട സമുച്ചയമാണ് നിർമ്മിച്ചിരിക്കുന്നത്.
സെന്റർ ഫോർ ഇന്റർനാഷണൽ ഫിലിം റിസർച്ച് ആൻഡ് ആർക്കൈവ്സ് (സിഫ്ര)ഇരുപത് വർഷം മുമ്പ് പ്രവർത്തനം ആരംഭിച്ചപ്പോൾ തന്നെ അക്കാഡമിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു മലയാളം സിനിമകളെക്കുറിച്ച് വരും തലമുറയ്ക്ക് പറഞ്ഞു നൽകാനും വിലപ്പെട്ട ചിത്രങ്ങൾ സൂക്ഷിച്ചു വയ്ക്കാനും സ്വന്തമായൊരു ആർക്കൈവ്സ് തുടങ്ങുക എന്നത്. ഇതാണിപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. ഹിന്ദു അടക്കമുള്ള ഇതര ഭാഷാ ചലച്ചിത്രങ്ങൾക്കായി നാഷണൽ ഫിലിം ആർക്കൈവ്സ് ഒഫ് ഇന്ത്യയുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ സർവകലാശാലകളിലായി മലയാള സിനിമയെക്കുറിച്ച് ഇംഗ്ലീഷിലും മലയാളത്തിലും ഗവേഷണം നടത്തുന്ന ഒരുപാട് വിദ്യാർത്ഥികളുണ്ട്. ചലിച്ചിത്ര പഠനം ഐച്ഛിക വിഷയമായി തിരഞ്ഞെടുത്തവർ മാത്രമല്ല, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ബിരുദാനന്തര ബിരുദമെടുത്തവരും പിഎച്ച്.ഡിക്കും പ്രോജക്ടിനുമായി ചലച്ചിത്ര സംബന്ധിയായ വിഷയങ്ങൾ തിരഞ്ഞെടുക്കാറുണ്ട്.
എന്നാൽ മലയാളത്തിൽ ഇതുവരെ ഇറങ്ങിയ അയ്യായിരത്തോളം സിനിമകളിൽ വളരെക്കുറച്ച് മാത്രമേ യൂ ട്യൂബിലും ഡി.വി.ഡി രൂപത്തിലുമൊക്കെ ലഭ്യമായിട്ടുള്ളൂ. ചലച്ചിത്രങ്ങളുടെ ലഭ്യതക്കുറവ് ഗവേഷകവിദ്യാർത്ഥികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന കണ്ടെത്തലിലാണ് സെന്റർ ഫോർ ഇന്റർനാഷണൽ ഫിലിം റിസർച്ച് ആൻഡ് ആർക്കൈവ്സ് ആരംഭിക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്. ഡിജിറ്റൽ ആർക്കൈവ്സാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഒരു ഡേറ്റാ മാനേജ്മെന്റ് സോഫ്ട്വെയറിലൂടെയാണ് ഇതിന്റെ പ്രവർത്തനം. ഒരേ സമയം ഗവേഷക വിദ്യാർത്ഥികൾക്കായി പഠന വസ്തുക്കൾ ലഭ്യമാക്കുന്നതോടൊപ്പം മലയാള ചലച്ചിത്രങ്ങളെ ശേഖരിച്ച് നാളേക്കായി സൂക്ഷിക്കുക എന്നതാണ് ആർക്കൈവ്സ് കൊണ്ട് ഉദ്ദേശിക്കുന്നത്.
വിപുലമായ ഒരു പുസ്തകശേഖരം അക്കാഡമിക്കുണ്ട്. മൂവായിരത്തോളം ക്ളാസിക് സിനിമകളുമുണ്ട്. ഒരു ലക്ഷത്തിലേറെ ചലച്ചിത്രഗാനങ്ങളുണ്ട്. ഇവയെല്ലാം തന്നെ ഡിജിറ്റൽ ഫോർമാറ്റിൽ സൂക്ഷിക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
സിനിമ കാണാൻ മിനി തിയേറ്ററുകൾപഴയകാല ബ്ലാക്ക് ആൻഡ് വൈറ്റ് ചലച്ചിത്രങ്ങൾ ഉൾപ്പെടെ ഏതു സിനിമയും എപ്പോഴും തിയേറ്ററിൽ കാണാൻ ആഗ്രഹിക്കുന്ന ഗവേഷക വിദ്യാർത്ഥികളടക്കമുള്ളവർക്ക് ഇതിന് സൗകര്യമുള്ള മിനി തിയേറ്ററുകൾ ചലച്ചിത്ര അക്കാഡമിയുടെ സമുച്ചയത്തിൽ ഒരുക്കിയിട്ടുണ്ട്. രണ്ട് സിനിമാ തിയേറ്റുറുകളാണ് ഇത്തരത്തിൽ ഒരുക്കിയിരിക്കുന്നത്. തികച്ചും സൗജന്യമായി നിരക്കിൽ ചലച്ചിത്രാസ്വാദകൾക്ക് ഇവിടെയെത്തി സിനിമ കാണാൻ കഴിയും. മലയാള സിനിമാ മ്യൂസിയംമലയാള സിനിമയുടെ ഓർമ്മചിത്രങ്ങളുടെ ശേഖരം ഉൾപ്പെടുത്തി മലയാള സിനിമാ മ്യൂസിയം നിർമ്മിക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. സിനിമാ ചിത്രങ്ങൾ, നോട്ടീസുകൾ, പോസ്റ്ററുകൾ, പാട്ടു പുസ്തകങ്ങൾ തുടങ്ങിയ സിനിമയുമായി ബന്ധപ്പെട്ടവയെല്ലാം ഉൾപ്പെടുത്തിയാണ് മലയാള സിനിമാ മ്യൂസിയം ഒരുക്കുന്നത്. ഒരു ഫീസും കൂടാതെ താത്പര്യമുള്ളവർക്ക് അവിടെ വന്ന് ഇത് കാണാം.