അരിസ്റ്റോട്ടിൽ ആദ്യ ജീവശാസ്ത്രജ്ഞൻ
ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടിലിനെ ആദ്യത്തെ ജീവശാസ്ത്രജ്ഞനായി ലോകം വിശേഷിപ്പിക്കുന്നു. ജീവികളെക്കുറിച്ച് ശാസ്ത്രീയ പഠനം തുടങ്ങിയത് അദ്ദേഹമാണ്. മൃഗങ്ങളെക്കുറിച്ച് അദ്ദേഹം രചിച്ച പ്രധാന ഗ്രന്ഥങ്ങളാണ് 'The Parts of Animals, The Natural History of Animals, The Reproudction of Animals' എന്നിവ. ബി.സി നാലാം നൂറ്റാണ്ടിലാണ് അരിസ്റ്റോട്ടിൽ ജീവശാസ്ത്രപഠനങ്ങൾ നടത്തിയത്. ജന്തുക്കളെ രക്തമുള്ളവയെന്നും ഇല്ലാത്തവയെന്നും രണ്ടായി അരിസ്റ്റോട്ടിൽ തിരിച്ചു. സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ, മത്സ്യങ്ങൾ, ഉഭയജീവികൾ എന്നിവ രക്തമുള്ള ജീവികൾ. പ്രാണികൾ, കക്കകൾ പോലെ കട്ടിയുള്ള പുറംതോടുള്ള ജീവികൾ എന്നിവരക്തമില്ലാത്തവ. അരിസ്റ്റോട്ടിലിന്റെ കണ്ടെത്തലുകളിൽ പലതും ആധുനിക ജീവശാസ്ത്രപഠനങ്ങളെ സഹായിച്ചു.
ഏറ്റവും ദുഃഖകരമായ ഒരു വസ്തുതകൂടിയുണ്ട്. അരിസ്റ്റോട്ടിൽ മനുഷ്യശരീരശാസ്ത്രത്തെക്കുറിച്ച് എഴുതിയ കൃതികളെല്ലാം പിന്നീട് നഷ്ടപ്പെട്ടു. അവ കൂടിയുണ്ടായിരുന്നുവെങ്കിൽ ശരീരശാസ്ത്രത്തിന് വലിയ സഹായകമാകുമായിരുന്നു.
പാരമ്പര്യ ശാസ്ത്രത്തിന്റെ പിതാവ്
865ൽ ഗ്രിഗർ മെൻഡൽ എന്ന പാതിരി പയർ ചെടികളിൽ നടത്തിയ ഗവേഷണമാണ് ജനിതകം അഥവാ പാരമ്പര്യശാസ്ത്രത്തിന്റെ ആദ്യ അദ്ധ്യായമെന്നു പറയാം. പരിണാമ സിദ്ധാന്തത്തിൽ മുങ്ങിക്കിടന്ന ലോകം അദ്ദേഹത്തിന്റെ വാദങ്ങൾ ആദ്യം അംഗീകരിച്ചില്ല. മരണശേഷമാണ് മെൻഡലിന്റെ മഹത്വം ലോകം അറിഞ്ഞത്. പാരമ്പര്യ ശാസ്ത്രത്തിന്റെ പിതാവ് എന്നസ്ഥാനം മരണാനന്തരബഹുമതിയായി മെൻഡലിന് സമ്മാനിച്ചു.
ഇയാൻ വിൽമുട്ട്
ജനിതകശാസ്ത്രചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കുന്ന ക്ലോണിങിലൂടെ പിറന്ന ഡോളിയുടെ വിസ്മയചരിത്രത്തിനുപിന്നിൽ സ്‌കോട്ട് ലൻഡിലെ റോസ് ലിൻ കാർഷിക ശാസ്ത്ര ഇൻസ്റ്റിറ്റിയൂട്ടിലെ ഗവേഷകനായ ഇയാൻ വിൽമുട്ടിന്റെ നിരന്തര പ്രയത്‌നങ്ങളാണ്. 1996 ജൂലായിൽ ഡോളി പിറന്നെങ്കിലും 1997 ഫെബ്രുവരി 27നാണ് വിൽമുട്ട് പുറംലോകത്തെ അറിയിച്ചത്. ആറുവയസുള്ള ഒരു ചെമ്മരിയാടിന്റെ അകിടിൽ നിന്നാണ് വിൽമുട്ട് ക്ലോണിങിനാവശ്യമായ കോശങ്ങൾ എടുത്തത്. ഈ കോശത്തെ മറ്റൊരു ചെമ്മരിയാടിന്റെ ന്യൂക്ലിയസ് നീക്കം ചെയ്ത അണ്ഡകോശവുമായി സംയോജിപ്പിച്ചു. ഇതിനെ മൂന്നാമതൊരു ചെമ്മരിയാടിന്റെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു. ഡോളി ജനിച്ചപ്പോൾഅകിടിൽ നിന്നു കോശമെടുത്ത ചെമ്മരിയാടിന്റെ അതേ രൂപമായിരുന്നു.
കൃത്രിമജീൻ നിർമ്മിച്ച ഹർഗോവിന്ദ് ഖുരാന
ജീനുകളുടെ രഹസ്യം കണ്ടെത്തുന്നതിനായി നിരവധിപഠനങ്ങൾ നടത്തിയ ഇന്ത്യാക്കാരനായ ഹർഗോവിന്ദ് ഖുരാനയ്ക്ക് 1968 ൽ നോബൽ സമ്മാനം ലഭിച്ചു. ചരിത്രത്തിലാദ്യമായി കൃത്രിമജീൻ നിർമ്മിച്ചത് അദ്ദേഹമാണ്. യീസ്റ്റിന്റെയും പിന്നീട് ബാക്ടീരിയയുടെയും ഓരോ ജീൻ അദ്ദേഹം പരീക്ഷണശാലയിൽ നിർമ്മിച്ചു. ഡി.എൻ.എയുടെ രഹസ്യം വെളിവാക്കാൻ സഹായിച്ചതിനാണ് അദ്ദേഹത്തിന് നോബൽ സമ്മാനം നൽകിയത്.
ക്ളോണിംഗ് സാദ്ധ്യതകൾ
വംശനാശം സംഭവിച്ചതും നാശോന്മുഖവുമായ ജീവികളെ പുനഃസൃഷ്ടിക്കാൻ ക്ലോണിംഗ് വഴി തുറന്നു. ജീവശാസ്ത്രജ്ഞർ ഈ മേഖലയിൽ നിരവധി പരീക്ഷണങ്ങൾ ഇപ്പോഴും തുടരുന്നു. നാശോന്മുഖമായ ജീവികളിൽ നിന്നോ അവയുടെ ഫോസിലുകളിൽ നിന്നോ പ്രവർത്തനക്ഷമമായ ഒരു ഡി.എൻ.എ പുനർനിർമ്മിക്കാൻ സാധിച്ചാൽ ആ ജീവികളുടെ എത്ര പകർപ്പുകൾ വേണമെങ്കിലും സൃഷ്ടിക്കാൻ കഴിയും.
തുടക്കം തവളകളിൽ
ക്ലോണിംഗ് പരീക്ഷണങ്ങൾ ആദ്യം നടന്നത് തവളകളിലാണ്. 1950കളിൽ പരീക്ഷണം നടന്നെങ്കിലും വിജയിച്ചില്ല. 1970 ൽ തവളയെ വിജയകരമായി ക്ലോൺ ചെയ്‌തെങ്കിലും ആ തവളക്കുഞ്ഞ് അധികകാലം ജീവിച്ചില്ല. പിന്നീടാണ് ശാസ്ത്രജ്ഞരുടെ ശ്രദ്ധ സസ്തനികളിലേക്ക് തിരിഞ്ഞത്.
ജീനുകളും സ്വഭാവവും
എല്ലാ ജീവികളുടെയും ജന്തുക്കളുടെയും പാരമ്പര്യസ്വഭാവവിശേഷങ്ങൾക്കുകാരണം കോശങ്ങളിലെ ജീനുകളാണ്. ജീനുകളിൽ മാറ്റം സംഭവിച്ച പുതിയ പ്രത്യേകതകളും ജീവികളിലുണ്ടാകും. ജീനിലെ ഈ മാറ്റത്തെ മ്യൂട്ടേഷൻ എന്ന് പറയുന്നു.
കരിമ്പുലിയും മ്യൂട്ടേഷനും
സാധാരണ പുള്ളിപ്പുലിയുടെ വർഗ്ഗത്തിലുള്ളതാണ് കരിമ്പുലിയും. ജീനുകളിൽ മാറ്റം സംഭവിക്കുമ്പോൾ നിറത്തിലും പ്രകൃതത്തിലും വ്യത്യാസമുണ്ടാകാം. കരിമ്പുലിക്ക് കിട്ടിയ കറുപ്പ് അങ്ങനെ മ്യൂട്ടേഷനിലൂടെയാണ്.
ക്രോമസോം
ജന്തുക്കളുടെയും സസ്യങ്ങളുടെയും കോശങ്ങളുടെ ന്യൂക്ലിയസിനകത്തുള്ള നാരുപോലുള്ള പദാർത്ഥമാണ് ക്രോമസോം. ജീനുകളെ വഹിക്കുന്നത് ക്രോമസോമാണ്. ഓരോ ജീവിയിലും ക്രോമസോം സംഖ്യവ്യത്യസ്തമായിരിക്കും. മനുഷ്യശരീരകോശത്തിൽ 23 ജോഡി ക്രോമസോമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ടീലോമീറും ആയുസും
ക്രോമസോമിന്റെ അറ്റത്തിന് ടീലോമീർഎന്ന് പറയും. എല്ലാ ജീവികളിലും പ്രായംകൂടുന്തോറും ടീലോമീറിന്റെ നീളം കുറഞ്ഞുവരം. ഇതിൽ നിന്നു ജീവിയുടെ വയസ് നിർണയിക്കാം. ഡോളിയെ ക്ലോൺ ചെയ്തത് ആറുവർഷം പ്രായമായ ആടിന്റെ കോശത്തിൽ നിന്നായിരുന്നു. ആ കോശങ്ങളിലെ ടിലോമീറിന് ആറുവർഷത്തെ പ്രായമുണ്ടായിരുന്നു. ചെമ്മരിയാടിന്റെആയുസ് ശരാശരി പന്ത്രണ്ട് വർഷം. ഡോളി അധികകാലം പിന്നീട് ജീവിക്കാത്തതും അതു കൊണ്ടാണ്.
ഐൻസ്റ്റീന്റെ തലച്ചോറ്; ലെനിന്റെ ശരീരം
ലെനിന്റെ ശരീരം എംബാം (ശവരക്ഷണം)ചെയ്തിരുന്നത് കാരണം ശരീരകോശങ്ങൾക്ക്‌കേട് സംഭവിച്ചില്ല. റഷ്യൻ പ്രൊഫസറായ ഇലിയ സബ് സ്‌കി ലെനിനെ ക്‌ളോൺ ചെയ്യാൻ കഴിയുമെന്ന് അഭിപ്രായപ്പെട്ടു. ലെനിന്റെ ശരീരം എംബാം ചെയ്യാൻ നിയോഗിക്കപ്പെട്ട ടീമിലെ അംഗമായിരുന്നു പ്രൊഫസർ സബ്‌സ്‌കിയുടെ പിതാവ്. മാറിയ സാഹചര്യത്തിൽ ആ ആശയം പ്രാവർത്തികമല്ലെന്ന അഭിപ്രായത്തിനായിരുന്നു പിന്നീട് മുൻതൂക്കം. പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളഴിച്ച ഐൻസ്റ്റീന്റെ തലച്ചോർ സൂക്ഷിച്ചു വച്ചിട്ടുണ്ട്.
ഡോളിയും കുട്ടിയും
1996ൽ ക്ലോണിങിലൂടെ ഡോളിയെന്ന ചെമ്മരിയാട് പിറന്നു. ക്ലോണിങിലൂടെ പിറന്ന ആദ്യ സസ്തനി എന്ന ബഹുമതി ഡോളി സ്വന്തമാക്കി. ഏഴുവർഷമേ ഡോളി ജീവിച്ചിരുന്നുള്ളൂ. ഡോക്ടർ ഇയാൻവിൽമുട്ടിന്റെ നേതൃത്വത്തിലാണ് അന്ന് ഇതുസംബന്ധിച്ച പരീക്ഷണങ്ങൾ നടന്നത്. സ്‌കോട്ട്‌ലൻഡിലെ റോസ്ലിൻ ഇൻസ്റ്റിറ്റിയൂട്ടിലാണ് ഡോളിയുടെ പിറവി. ഒരു ജീവിയുടെ കോശത്തിൽ നിന്ന് കോശകേന്ദ്രം ആദ്യം വേർതിരിച്ച് എടുക്കുന്നു. ഇതിനെ കോശകേന്ദ്രം നീക്കം ചെയ്ത ഒരു അണ്ഡവുമായി സംയോജിപ്പിക്കുന്നു. ഇങ്ങനെ പുതിയ കോശകേന്ദ്രം കടത്തിയ അണ്ഡത്തെ ഭ്രൂണമായി വളർത്തിയെടുക്കുന്നു.ഇതിൽ നിന്ന് ജനിക്കുന്ന ജീവി കോശകേന്ദ്രമെടുത്ത ജീവിയുടെ തനി ജനിതക ഘടനയുള്ളതായിരിക്കും. ഡോളിയുടെ പിറവിയും ഇപ്രകാരമായിരുന്നു. ക്ലോണിങിലൂടെ പിറന്ന ആദ്യസസ്തനിയായ ഡോളിക്ക് പിന്നീടൊരു കുഞ്ഞുപിറന്നു. ആ കുഞ്ഞുഡോളിയെ ബോണിയെന്ന് വിളിച്ചു.
മനുഷ്യ ക്ലോണിംഗ്
ഡോളിയുടെ പിറവിക്കുശേഷം മനുഷ്യനിൽ ക്ലോണിങ് പരീക്ഷണ സാദ്ധ്യതകളെക്കുറിച്ച് സജീവ ചർച്ചകളുയർന്നു. മനുഷ്യ ക്ലോണിങ് വിജയിച്ചാൽ ലോകം മാറ്റിമറിച്ച മഹാന്മാരെ പുനഃസൃഷ്ടിക്കാമെന്നുവരെ കണക്കുകൂട്ടി. ഒരു അഭിപ്രായ സർവേയിൽ ലെനിൻ, ഹിറ്റ്‌ലർ, ഐൻസ്റ്റീൻ, ഡയാന രാജകുമാരി എന്നിവരുടെ പേരുകൾ പൊന്തിവന്നു. ബ്രോംസ്റ്റോക്കറുടെ ലോകപ്രശസ്തനോവലായ ഡ്രാക്കുളയിലെ രക്തദാഹിയായ ഡ്രാക്കുള പ്രഭുവിന്റെ പേരും ഏതോ വിരുതൽ നിർദ്ദേശിക്കുകയുണ്ടായി. പക്ഷേ മനുഷ്യശരീരത്തിലെ ക്ലോണിങിനെ ബഹുഭൂരിപക്ഷം മതങ്ങളും എതിർക്കുന്നു.