തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന 'വിജ്ഞാനവസന്തം 2018' സാഹിത്യ സാംസ്കാരിക പുസ്തകോത്സവം വി.ജെ.ടി ഹാളിൽ ഇന്ന് വൈകിട്ട് 5ന് മന്ത്രി കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്യും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി. കാർത്തികേയൻ നായർ അദ്ധ്യക്ഷത വഹിക്കും.
ഡോ. ആർ.രഘുനാഥൻ രചിച്ച മലയാള ഭാഷോത്പത്തി: വിവരണാത്മക സൂചിക, സാഹിത്യപഠന രേഖകൾ, എസ്.രാമചന്ദ്രൻ നായർ രചിച്ച അധിനിവേശം: കേരളത്തിലെ ഭൂപരിഷ്കരണവും സാമൂഹ്യപരിവർത്തനവും എന്നീ പുസ്തകങ്ങൾ മന്ത്രി പ്രകാശനം ചെയ്യും. ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ പുസ്തകപരിചയം നടത്തും. നാളെ രാവിലെ 11ന് സുരേഷ് മുതുകുളം രചിച്ച കേരളത്തിന്റെ ഗോകുലം, ഡോ. സി.ടി.ചാക്കോ രചിച്ച പശുവളർത്തൽ വാണിജ്യാടിസ്ഥാനത്തിൽ എന്നീ പുസ്തകങ്ങൾ കെ.എൽ.ഡി.ബി മാനേജിംഗ് ഡയറക്ടർ ഡോ.ജോസ് ജെയിംസ് പ്രകാശനം ചെയ്യും.15ന് വൈകിട്ട് 4ന് വി.ചന്ദ്രബാബു രചിച്ച കാവ്യകലാ മർമജ്ഞനായ കിളിപ്പാട്ടുകാരൻ എന്ന പുസ്തകം ഡോ. കവടിയാർ രാമചന്ദ്രനും 17ന് രാവിലെ 11ന് വി. പ്രഭാകരൻ നായർ രചിച്ച പണം: കൽനാണയം മുതൽ ക്രിപ്ടോ കറൻസി വരെ എന്ന പുസ്തകം ടി.പി. ശ്രീനിവാസനും, 19ന് വൈകിട്ട് 5ന് ഡോ. വിജയകൃഷ്ണൻ രചിച്ച പൂർണ പുരുഷാർഥ ചന്ദ്രോദയം എന്ന പുസ്തകം കാലടി സർവകലാശാല മുൻ വി.സി ഡോ.എൻ.പി.ഉണ്ണിയും പ്രകാശനം ചെയ്യും. സമ്മേളനം 21ന് വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. തൃശൂർ കേരളവർമ്മ കോളേജ് പ്രിൻസിപ്പൽ ഡോ.കെ.കൃഷ്ണകുമാരി രചിച്ച വള്ളിക്കുടിലും പുഷ്പഭാരങ്ങളും, പള്ളിയറ ശ്രീധരൻ രചിച്ച മത്സരപരീക്ഷയിലെ ഗണിതം, ഡോ. മുഹമ്മദ് അഷ്റഫ് രചിച്ച കളിയെഴുത്തിന്റെ ഗണിതം എന്നീ പുസ്തകങ്ങൾ മന്ത്രി പ്രകാശനം ചെയ്യും. 21ന് വിജ്ഞാന വസന്തം സമാപിക്കും. രാവിലെ 10മുതൽ രാത്രി 8.30വരെയാണ് പുസ്തകമേള.