തിരുവനന്തപുരം: നഗരം സ്മാർട്ടാകുന്നതിനോടൊപ്പം സ്ത്രീകൾക്കും കുട്ടികൾക്കും മികച്ച സുരക്ഷയും സൗകര്യങ്ങളുമൊരുക്കുകയാണ് കോർപറേഷൻ. തലസ്ഥാന നഗരത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ വന്നുപോകുന്ന വിമെൻസ് കോളേജിനും കോട്ടൺഹിൽ സ്കൂളിനുമിടയിൽ വിമെൻസ് വാക്ക് വേ എന്ന പേരിൽ സ്ത്രീസൗഹൃദ ഇടനാഴിയൊരുക്കാനാണ് പദ്ധതി.
രണ്ടുകോടിയോളം രൂപ ചെലവിൽ ആരംഭിക്കുന്ന പദ്ധതിയിൽ ഇരിപ്പിടങ്ങളും മുലയൂട്ടൽ കേന്ദ്രവും ശൗചാലയങ്ങളും നാപ്കിൻ വെൻഡിംഗ് മെഷീനുകളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ അടച്ചുറപ്പുള്ള ഈ നടപ്പാതയിലുണ്ടാകും. ആദ്യഘട്ടത്തിൽ എഴുപത് ലക്ഷം രൂപ ചെലവിൽ സമീപ പ്രദേശം സൗന്ദര്യവത്കരിക്കും. ഇടനാഴിയുടെ ഇരുവശങ്ങളിലുമായി പ്രശസ്ത സ്ത്രീ വ്യക്തിത്വങ്ങളുടെ ചിത്രങ്ങൾ സ്ഥാപിക്കും. പ്രദേശത്തെ സുരക്ഷയുറപ്പാക്കാൻ നിരീക്ഷണ കാമറകളും സ്ഥാപിക്കും.
പ്ലാൻ ഫണ്ടിൽ പെടുത്തിയാണ് നിർമ്മാണം. പദ്ധതി നടപ്പാകുന്നതോടെ രാവിലെയും വൈകിട്ടുമുള്ള വഴുതക്കാട് ജംഗ്ഷനിലെ തിരക്കിനും പരിഹാരമാകും. ഈ മാസം അവസാനത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ഇതിനായുള്ള കരാർനടപടികൾ പുരോഗമിക്കുകയാണ്. ആറുമാസത്തിനുള്ളിൽ പണിപൂർത്തിയാക്കി തുറന്നുകൊടുക്കാനാവുമെന്നും അധികൃതർ പറയുന്നു.
മറ്റു പല നഗരങ്ങളിലെയും പോലെ തിരുവനന്തപുരത്തും സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളിൽ കുറവില്ല. 287 റേപ്പ് കേസുകളടക്കം ജില്ലയിൽ കഴിഞ്ഞ വർഷം സ്ത്രീകൾക്കെതിരായ 1773 കുറ്റകൃത്യങ്ങളാണ് റിപ്പോർട്ടു ചെയ്യപ്പെട്ടത്. സ്മാർട്ട് സിറ്റിയാകുന്നതോടെ തലസ്ഥാന നഗരത്തിന്റെ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് കൂടുതൽ സ്ത്രീസൗഹൃദ പദ്ധതികളുമായി കോർപറേഷൻ മുന്നോട്ടു വരുന്നത്.