കോവളം: ടൂറിസം കേന്ദ്രങ്ങൾക്ക് പുത്തൻ ഉണർവേകി സഞ്ചാരികളെ ആകർഷിക്കുന്നതിനുളള ഗ്രീൻ കാർപ്പെറ്റ് പദ്ധതിയുടെ പ്രവർത്തനങ്ങൾ കോവളത്ത് ആരംഭിച്ചു.വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉന്നത നിലവാരത്തിലേക്ക് ഉയർത്താനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ടാണ് ഗ്രീൻ കാർപ്പെറ്റ് നടപ്പിൽ വരുത്തുന്നത്. ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ, സ്കൂൾ, കോളേജ്, എൻ.എസ്.എസ്. യൂണിറ്റുകൾ സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.
ഭിന്നശേഷിയുള്ളവർക്കുള്ള സൗകര്യങ്ങൾ, സൂചനാ ബോർഡുകൾ, ടൂറിസം കേന്ദ്രങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ നൽകുന്നതിനുളള സൗകര്യങ്ങൾ എന്നിവയും ഗ്രീൻ കാർപ്പെറ്റിന്റെ ഭാഗമായി ഒരുക്കും. ടാക്സി, ആട്ടോ ഡ്രൈവർമാർ, കച്ചവടക്കാർ, ഹോട്ടൽ ജീവനക്കാർ തുടങ്ങി വിനോദ സഞ്ചാരികളുമായി ബന്ധപ്പെടുന്നവർക്ക് പ്രത്യേക പരിശീലനം നൽകും. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയ്ക്ക് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ ജനപങ്കാളിത്തത്തോടെ വൃത്തിയാക്കും. ടൂറിസം കേന്ദ്രങ്ങളിലും ഗ്രീൻ കാർപ്പെറ്റ് അഥവാ പച്ചപ്പരവതാനി ഒരുക്കുന്നതിനുള്ള പദ്ധതികൾ ടൂറിസം ഡയറക്ടർക്ക് സമർപ്പിച്ചതായി ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. വാർഡ് കൗൺസിലർ നിസാബീവി , ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഷാഹുൽ ഹമീദ്, ടൂറിസം ഇൻഫർമേഷൻ ഓഫീസർ ഷീജ, കോവളം സുകേശൻ, സ്റ്റുഡന്റ് പോലീസ് ചാർജ് വഹിക്കുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ ടി. ബിജു, വനിത സിവിൽ പൊലീസ് ഓഫീസർ പ്രീതാലക്ഷ്മി, അദ്ധ്യാപിക ജയശ്രീ എന്നിവർ നേതൃത്വം നല്കി.
പ്രവർത്തനം
ടൂറിസം കേന്ദ്രങ്ങളിലെ തദ്ദേശ സ്ഥാപന പ്രതിനിധികൾ, ഇറിഗേഷൻ, കെ.എസ്.ഇ.ബി., ഫോറസ്റ്റ്, പൊലീസ്, കുടുംബശ്രീ, സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ, ടൂറിസം സെക്ടറുകളിൽ നിന്നുളളവർ ഉൾക്കൊളളുന്ന ടാക്സ് ഫോഴ്സിന്റെയും മോണിറ്ററിംഗ് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് ഗ്രീൻ കാർപ്പെറ്റ് നടപ്പിലാക്കുക. അതത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിലുളള ടാസ്ക് ഫോഴ്സ് മാസത്തിലൊരിക്കൽ യോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തും. ഒപ്പം ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ ഉൾക്കൊളളുന്ന ജില്ലാതലത്തിലുളള മോണിറ്ററിംഗ് കമ്മിറ്റിയും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ രൂപീകരിക്കും.
പദ്ധതിയുടെ ലക്ഷ്യം
വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉന്നത നിലവാരത്തിലേക്ക് ഉയർത്താനുതകുംവിധം അടിസ്ഥാന സൗകര്യവികസനം, വൃത്തിയുളള ടോയ്ലെറ്റുകൾ, ഗുണനിലവാരമുളള ഭക്ഷണം, ശുചിത്വം, മാലിന്യ നിർമ്മാർജ്ജനം, നടപ്പാത തുടങ്ങിയവ ഉറപ്പ് വരുത്തുക.സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
പദ്ധതി
ടൂറിസം ഡെസ്റ്റിനേഷനുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും സുസ്ഥിര പരിപാലനം ഉറപ്പ് വരുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു മാസത്തിനകം പദ്ധതി പൂർത്തീകരിക്കും. സംസ്ഥാന സർക്കാരിന്റെ വിനോദ സഞ്ചാര നയത്തിന്റെ ഭാഗമായാണ് ടൂറിസം വകുപ്പ് ഗ്രീൻ കാർപ്പറ്റ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതി നടപ്പിലാക്കിത്തുടങ്ങി
ഗ്രീൻകാർപ്പെറ്റ് പദ്ധതിയുടെ ഭാഗമായി ടൂറിസം ഡിപ്പാർട്ടുമെന്റും വാഴമുട്ടം ഗവ: ഹൈസ്കൂൾ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളും ചേർന്ന് പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനമെന്ന നിലയ്ക്ക് കോവളം ബീച്ചും പരിസരവും ശുചീകരിച്ചു.
ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകൾ, മത്സ്യബന്ധന സാമഗ്രികൾ എന്നിവ ശേഖരിച്ച് തരം തിരിച്ച് സംസ്കരിക്കുന്നതിനായി ടൂറിസം വകുപ്പിന്റെ ക്ലീനിംഗ് വിഭാഗത്തിന് കൈമാറി.