തിരുവനന്തപുരം: സ്കൂൾ, കോളേജ് വിദ്യാർത്ഥികളെയും യുവാക്കളെയും വലയിലാക്കി തലസ്ഥാനത്ത് ലഹരിമരുന്ന് മാഫിയ തടിച്ചുകൊഴുക്കുന്നു. പ്രതിമാസം 100 കോടിയുടെ ലഹരിമരുന്ന് വ്യാപാരം നടക്കുന്ന വൻ കമ്പോളമാണ് തലസ്ഥാനമെന്നാണ് പൊലീസ് പറയുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് തലസ്ഥാനത്തേക്ക് മയക്കുമരുന്നെത്തിക്കാൻ വൻശൃംഖലയുണ്ട്. മെട്രോനഗരമായ കൊച്ചിയെക്കാൾ ലഹരിവ്യാപാരത്തിൽ ഏറ്റവും വളർച്ചയുള്ള വിപണിയാണ് തിരുവനന്തപുരം.
എക്സൈസ് കമ്മിഷണറേറ്റിലെ കണക്കുപ്രകാരം ഏറ്റവുമധികം ലഹരി, മയക്കുമരുന്ന് കേസുകളുണ്ടായതും കൂടുതൽപേർ അറസ്റ്റിലായതും തിരുവനന്തപുരത്താണ്. ഉന്മാദത്തിനായി നാവിലൊട്ടിക്കുന്ന എൽ.എസ്.ഡി സ്റ്റാമ്പ്, പെത്തഡിൻ, കൊക്കെയ്ൻ, മയക്കുഗുളികകൾ, ലഹരികഷായങ്ങൾ എന്നിവ നഗരത്തിൽ സുലഭമാണ്. 20 കോടി വിലയുള്ള, പത്തു കിലോ ഹാഷിഷ് ഓയിലുമായി ഇടുക്കി സ്വദേശികളായ രണ്ടുപേർ പിടിയിലായത് കഴിഞ്ഞ ആഴ്ചയാണ്. അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിപ്പുള്ള മയക്കുമരുന്നുകളാണ് തലസ്ഥാനത്തെത്തുന്നത്. ചെറിയ പൊതികളിൽ കഞ്ചാവ് കൊണ്ടുനടന്ന് വിറ്റിരുന്നവർ പോലും ഇപ്പോൾ മയക്കുമരുന്നുകളാണ് വിൽക്കുന്നതെന്ന് പൊലീസ് പറയുന്നു. നഗരത്തിലെ ആറ് കോളനികൾ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വ്യാപാരം കൊഴുക്കുന്നത്. കോളേജുകളിൽ യഥേഷ്ടം മയക്കുമരുന്നെത്തിക്കുന്നത് ഈ കോളനികളിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കിലോയ്ക്ക് ഒരുകോടി വിലയുള്ള 'മെത്ത്ട്രാക്സ് ' മയക്കുമരുന്ന് അടുത്തിടെ തലസ്ഥാനത്ത് പിടികൂടിയിരുന്നു. രാജ്യത്തുതന്നെ അപൂർവമായി ലഭിക്കുന്ന 'മെത്ത്ട്രാക്സ് ' അഫ്ഗാനിസ്ഥാനിൽ നിന്നോ ബംഗ്ലാദേശിൽ നിന്നോ എത്തിച്ചതാണെന്നാണ് മ്യൂസിയം പൊലീസ് കണ്ടെത്തിയത്. ഒരു തവണ ഉപയോഗിച്ചാൽ അടിമയാക്കി മാറ്റുന്ന 'മെത്ത്ട്രാക്സ് ' ലഹരിപാർട്ടികൾ നടത്തുന്നവർക്കോ വിദേശ സഞ്ചാരികൾക്കോ വിദ്യാർത്ഥികൾക്കോ വേണ്ടിയാണ് എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാൻ വിശദമായ അന്വേഷണവും തുടർനടപടികളുമുണ്ടായില്ല. ജവഹർനഗറിൽ എൽ.എസ്.ഡിയും കൊക്കെയ്നുമൊഴുക്കിയ ആഡംബരപാർട്ടി നടന്നത് അടുത്തിടെയാണ്.
ബംഗളൂരുവിൽ നിന്നാണ് പ്രധാനമായും തലസ്ഥാനത്തേക്ക് മയക്കുമരുന്നെത്തുന്നത്. ബംഗളൂരുവിൽ നിന്ന് വോൾവോ ബസുകളിലും ട്രെയിനുകളിലും മയക്കുമരുന്നെത്തുന്നു. ഹാഷിഷ് അഞ്ച് ഗ്രാമിന് 1000 രൂപയ്ക്കാണ് വില്പന. സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ ഉപയോഗിച്ച് കഞ്ചാവും മയക്കുമരുന്നുകളും കൈമാറ്റവും വില്പനയും നടത്തുന്നു. ലഹരിമരുന്ന് കച്ചവടക്കാർ പിടിമുറുക്കിയിട്ടും പൊലീസ്, എക്സൈസ് നടപടികൾ കാര്യക്ഷമമല്ല. ശാസ്തമംഗലത്ത് വാടകവീട്ടിൽ കൊലക്കേസ് പ്രതി മയക്കുമരുന്ന് വ്യാപാരം നടത്തിട്ടും പൊലീസിന് കണ്ടെത്താനായിരുന്നില്ല. വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് ഉപയോഗിക്കാനും ശാസ്തമംഗലത്തെ വീട്ടിൽ സൗകര്യമുണ്ടായിരുന്നു. വിദ്യാർത്ഥികളായി നടിച്ച് ബംഗളൂരുവിൽ വാടകവീടെടുത്ത് ഹാഷിഷ്, ബ്രൗൺഷുഗർ, കഞ്ചാവ് എന്നിവ ശേഖരിച്ച് ബസുകളിൽ കടത്തുകയായിരുന്നു രീതി. ഹാഷിഷ് അഞ്ച് ഗ്രാമിന് 1000 രൂപയ്ക്കായിരുന്നു വില്പന.
തലസ്ഥാനത്തെ ലഹരിമാഫിയയെ ഒതുക്കാൻ സിറ്റി പൊലീസ് കമ്മിഷണർ പി. പ്രകാശ് അദ്ധ്യക്ഷനായി ജില്ലാ ആന്റിനാർകോട്ടിക് സ്പെഷ്യൽ ആക്ഷൻഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. കൺട്രോൾറൂം, നാർകോട്ടിക്സെൽ അസി. കമ്മിഷണർമാരും സി.ഐമാരും സംഘത്തിലുണ്ട്. ലഹരിമരുന്നുകൾക്ക് അടിമകളായ കുട്ടികളെ കണ്ടെത്തി മെഡിക്കൽകോളേജിലും ജനറൽ ആശുപത്രിയിലും വൈദ്യസഹായവും കൗൺസലിംഗും നൽകും.
ശ്രദ്ധിക്കണം, മക്കളെ ലഹരിക്ക് അടിമകളായിപ്പോയ തലസ്ഥാനത്തെ 105 സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ സിറ്റി പൊലീസ് ലഹരിവിമുക്ത കേന്ദ്രങ്ങളിൽ ഒരുമാസം വരെ നീളുന്ന ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നിട്ടുണ്ട്.
ആന്റി നാർകോട്ടിക് ക്ലബുകളിലൂടെ കിട്ടിയ വിവരങ്ങൾ പിന്തുടർന്നാണ് ലഹരിമാഫിയയുടെ പിടിയിലമർന്നു പോയ കുട്ടികളെ കണ്ടെത്തിയത്.
എ.ഡി.ജി.പിയുടെ കുടുംബബന്ധുവിന്റെ മകൻ മുതൽ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ മക്കൾ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു.
പിടികൂടിയ ലഹരി
എൽ.എസ്.ഡി 480 ഗ്രാം
സ്പിരിറ്റ് 712 ലിറ്റർ
ചാരായം 340 ലിറ്റർ
വ്യാജമദ്യം 5281ലിറ്റർ
കഞ്ചാവ് 244 കിലോ
കഞ്ചാവ്ചെടി 207
ബ്രൗൺഷുഗർ 8030 ഗ്രാം
ഹെറോയിൻ 409 ഗ്രാം
ഹാഷിഷ് 1.71 കിലോഗ്രാം
ചരസ് 72 ഗ്രാം
ഓപിയം 4.78 കിലോ
കൊക്കെയ്ൻ 11.5 ഗ്രാം
തിരുവനന്തപുരത്തും പാലക്കാട്ടുമാണ് ഏറ്റവുമധികം കഞ്ചാവ് പിടിക്കുന്നത്. അമരവിള അടക്കമുള്ള ചെക്ക്പോസ്റ്റുകളിൽ കാമറാനിരീക്ഷണമടക്കം സജ്ജമാക്കിയിട്ടുണ്ട്. തലസ്ഥാനത്ത് ലഹരി ഉപയോഗം കൂടുന്നത് പ്രശ്നമാണ്.
ഋഷിരാജ് സിംഗ്, എക്സൈസ് കമ്മിഷണർ
തിരുനെൽവേലി, തേനി, നാഗർകോവിൽ എന്നിവിടങ്ങളിൽ നിന്നാണ് തിരുവനന്തപുരത്തേക്കുള്ള മയക്കുമരുന്ന് സപ്ലൈ. ഈ ശൃംഖല തകർക്കും.
പി. പ്രകാശ്, സിറ്റി പൊലീസ് കമ്മിഷണർ
ലഹരി ഉപയോഗം കർശനമായി നിയന്ത്രിക്കുന്നതിനുള്ള പരിശോധനകൾ പൊലീസിന്റെ സഹായത്തോടെ നടത്തിവരികയാണ്. നഴ്സിംഗ് കോളേജ് വിദ്യാർത്ഥിയെ ഹോസ്റ്റലിൽ നിന്ന് കഞ്ചാവുമായി അറസ്റ്റ് ചെയ്തത് രണ്ടു ദിവസം മുൻപാണ്. നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾക്ക് അവിടെ താമസസൗകര്യമില്ലാത്തതിനാലാണ് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ കഴിയുന്നത്. ഇക്കാര്യം പി.ടി.എ എക്സിക്യൂട്ടീവ് ചർച്ചചെയ്തു. ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കർശന നടപടിയെടുക്കും.
ഡോ. തോമസ് മാത്യു, മെഡി. കോളേജ് പ്രിൻസിപ്പൽ