തിരുവനന്തപുരം: ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പേട്ട റെയിൽവേ സ്റ്രേഷൻ പരിസരത്തെ സമാധാന അന്തരീക്ഷത്തിന് വെല്ലുവിളിയായി ലഹരിമാഫിയ ശക്തിപ്രാപിക്കുന്നു. പൊലീസിന്റെയും എക്സൈസിന്റെയും രാത്രികാല പരിശോധനകളെല്ലാം പേരിനു മാത്രമായതോടെ വാങ്ങാനും വില്ക്കാനുമെത്തുന്നവരുടെ ഇഷ്ടകേന്ദ്രമായി ഇവിടം.
ആളുകൾ കൂടുതലായി വന്നുപോകുന്ന റെയിൽവേ സ്റ്രേഷൻ പരിസരം, അന്യസംസ്ഥാന തൊഴിലാളികൾ ഒത്തുകൂടുന്ന പേട്ട- ആനയറ പാലത്തിന് താഴ്വശം, ചാക്കയിലേക്കുള്ള റോഡിൽ ഇരുവശത്തുമുള്ള ഇടവഴികൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരു വർഷത്തിനിടെ ലഹരിസംഘങ്ങൾ തഴച്ചുവളരുകയാണ്. കഞ്ചാവ്, വീര്യംകൂടിയ മയക്കു പൊടികൾ, മയക്ക് ഗുളികകൾ, ഇൻജക്ഷൻ മരുന്നുകൾ എന്നിവയാണ് ആവശ്യാനുസരണം പേട്ടയിലേക്ക് ഒഴുകുന്നത്. എൻജിനിയറിംഗ്, മെഡിക്കൽ, നഴ്സിംഗ് തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നവരാണ് ആവശ്യക്കാരിൽ ഭൂരിഭാഗവും. വൈകിട്ട് ആറുമണിക്ക് ശേഷമാണ് ഇക്കൂട്ടർ രംഗത്തിറങ്ങുന്നത്. പഠനത്തിനും ജോലിക്കുമായി മറ്റ് ജില്ലകളിൽ നിന്ന് ഉൾപ്പെടെ പ്രദേശത്ത് താമസിക്കുന്നവരാണ് സംഘത്തിലെ പ്രധാന കണ്ണികളെന്നാണ് വിവരം. സംഘത്തിലെ ചിലർ പ്രദേശത്തെ ചെറിയ തട്ടുകടകൾ കേന്ദ്രീകരിച്ച് പകൽ സമയത്ത് തമ്പടിച്ച് ചുറ്റുപാടിനെ കുറിച്ച് കൃത്യമായി മനസിലാക്കിയ ശേഷമാണ് രാത്രി ദൂരസ്ഥലങ്ങളിൽ നിന്ന് ഉൾപ്പെടെ എത്തുന്നവർക്ക് സൗകര്യമൊരുക്കുന്നത്. കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് നഴ്സിംഗ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയതോടെയാണ് പേട്ട കേന്ദ്രീകരിച്ചുള്ള കഞ്ചാവ് മാഫിയ സജീവമാണെന്ന വിവരം പുറത്ത് വന്നത്.
ലഹരിയെത്തിക്കുന്നത് ട്രെയിനിൽ
പേട്ടയിലെത്തുന്ന ട്രെയിനിലാണ് കൂടുതലായി കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ എത്തുന്നതെന്ന് പൊലീസ് പറയുന്നു. സന്ധ്യയ്ക്ക് ശേഷമെത്തുന്ന ട്രെയിനുകളിൽ കാരിയർമാരുണ്ടാകും. റെയിൽവേ സ്റ്റേഷനിൽ ഇവരെ കാത്ത് ആവശ്യക്കാരുമുണ്ടാകും. ട്രെയിനിന്റെ മുന്നിലോ പിന്നിലോ ആയിരിക്കും കാരിയർമാർ നിൽക്കുക. ട്രെയിൻ സ്റ്റേഷനിൽ എത്തുമ്പോൾ ലേസർ തെളിച്ച് സിഗ്നൽ നൽകും. പ്ളാറ്റ്ഫോമിലെ ഒഴിഞ്ഞയിടത്ത് നിൽക്കുന്നയാളും തിരിച്ച് ലേസർ തെളിക്കുന്നതോടെ റൂട്ട് ക്ളിയറാണെന്ന് ഉറപ്പിക്കും. പിന്നീട് അതിവിദഗ്ദ്ധമായി കഞ്ചാവ് പൊതി പ്ളാറ്റ്ഫോമിലേക്ക് എറിയുകയാണ് ഇവരുടെ രീതി. ആവശ്യക്കാരെ നേരത്തേ തന്നെ കണ്ട് രൂപ വാങ്ങിയതിനാൽ പെെസ വാങ്ങാൻ നിൽക്കണ്ട.
നിയന്ത്രണം ഇങ്ങനെ
ബീമാപള്ളിയിലുള്ള ഇക്കാക്കയെന്ന ആളാണ് നഗരത്തിലെ പ്രധാന ഇടനിലക്കാരൻ. ഇയാൾ ആട്ടോറിക്ഷയുമായാണ് ബീമാപള്ളിയിൽ എത്തുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ ആട്ടോറിക്ഷയിൽ കഞ്ചാവ് ഉണ്ടാകില്ല. ആവശ്യം അനുസരിച്ച് മറ്റെവിടെയോ നിന്ന് എത്തിക്കുകയാണ് ചെയ്യുന്നത്. ചെറിയ ചെറിയ കേസുകളിൽ ഇയാൾ പിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഊരിപ്പോയിട്ടുണ്ട്. പേട്ട കഴിഞ്ഞാൽ ചാക്ക പാലത്തിന് കീഴിലെ കോളനി കേന്ദ്രീകരിച്ചാണ് പിന്നെ കഞ്ചാവ് കച്ചവടം നടക്കുന്നത്. 19നും 21നും ഇടയിലുള്ള രണ്ട് യുവാക്കളാണ് ഇവിടത്തെ പ്രധാന വില്പനക്കാർ. അവർക്ക് സാധനങ്ങൾ എത്തിക്കുന്നത് ഇൻഫോസിസിന് മുമ്പിലുള്ള ഫ്രൂട്ട്സ് കട നടത്തുന്ന ഒരാളാണ്. പഴങ്ങൾക്കിടയിൽ കഞ്ചാവ് പൊതി ഒളിച്ചുവച്ച് വില്പന നടത്തുകയാണ് ചെയ്യുന്നത്. രണ്ട് പൊതി 200 രൂപയ്ക്ക് വരെ വിൽക്കാറുണ്ട്. അരശുംമൂട്, ആക്കുളം പാലം എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചും കഞ്ചാവ് വില്പന യഥേഷ്ടം നടക്കുന്നുണ്ട്. വർക്കല റെയിൽവേ സ്റ്റേഷൻ മുതൽ തമ്പാനൂർ വരെ കഞ്ചാവ് വിതരണ ശൃംഖല നീളുന്നു.
കൈയിൽ 200 ഗ്രാം
കഞ്ചാവ് വില്പന നടത്തുന്നവരും കാരിയർമാരും 200 ഗ്രാമിൽ കൂടുതൽ കൈയിൽ വയ്ക്കാറില്ല. ഒരുകിലോ കഞ്ചാവ് കൈവശം വച്ചാൽ മാത്രമെ പൊലീസിന് ഇവരെ റിമാൻഡ് ചെയ്യാനാകൂ. അതറിയാവുന്ന കടത്തുകാർ 160നും 200 ഗ്രാമിനും ഇടയിൽ അളവ് കഞ്ചാവ് മാത്രമെ കൈവശം വയ്ക്കൂ. അതിനാൽ അവർക്ക് പെറ്റിയടച്ച് അനായാസം ഊരാനുമാകും.