തിരുവനന്തപുരം: വാക്കുതർക്കത്തിനിടെ യുവാവിനെ റോഡിലേക്ക് തള്ളിയിട്ട സംഭവത്തിൽ ഡിവൈ.എസ്.പിക്കെതിരെ കൊലക്കുറ്റം നിലനിൽക്കുമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. സനലിനെ വാഹനത്തിന് മുന്നിലേക്ക് ഡിവൈ.എസ്.പി മനപ്പൂർവം തള്ളിയിടുകയായിരുന്നു. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് വാഹനം വരുന്നത് കണ്ട് സനലിനെ തള്ളിയിട്ടതെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഇക്കാര്യം തെളിയിക്കുന്ന സാഹചര്യ തെളിവുകളും സാക്ഷിമൊഴികളുമുണ്ട്. കൊലക്കുറ്റം നിലനിൽക്കുന്നതിനാൽ ഹരികുമാറിന് മുൻകൂർ ജാമ്യം നൽകരുതെന്നും ആവശ്യപ്പെട്ട് കൊണ്ടുള്ള റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ സമർപ്പിക്കും. ഹരികുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കാൻ ഇരിക്കെയാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകുന്നത്.
ഭാര്യ വിജി സമരത്തിലേക്ക്
അതേസമയം, സംഭവം നടന്ന് എട്ട് ദിവസമായിട്ടും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് സനലിന്റെ ഭാര്യ വിജി ഇന്ന് ഉപവാസം ഇരിക്കുകയാണ്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ഏറ്രെടുത്ത കേസിൽ ഒരാഴ്ച കഴിഞ്ഞിട്ടും തന്റെയോ കുടുംബാംഗങ്ങളുടെയോ മൊഴി രേഖപ്പെടുത്താൻ ആരും കൂട്ടാക്കിയിട്ടില്ലെന്ന് വിജി ആരോപിക്കുന്നു. ക്രൈംബ്രാഞ്ച് എസ്.പി അന്വേഷണം ഏറ്റെടുത്തതിന്റെ അടുത്തദിവസം വീട്ടിൽ വന്നുപോയതല്ലാതെ മറ്റൊന്നുമുണ്ടായില്ല. എന്തായാലും ആദ്യം ഡിവൈ.എസ്.പിയെ പിടികൂടട്ടെ. പനി പിടിച്ച് കിടപ്പിലായ മക്കൾക്ക് ദോശ വാങ്ങാനാണ് ഭർത്താവ് അന്ന് ജംഗ്ഷനിലെ ഹോട്ടലിലേക്ക് പോയത്. ദോശയുമായി തിരികെ വരുന്ന പപ്പയെ കാത്തിരുന്ന കുഞ്ഞുങ്ങൾക്ക് കാണാനായത് ഉറക്കമുണരാത്ത അച്ഛനെയാണ്. നാലരവയസുള്ള മൂത്തമകൻ എബിയ്ക്ക് കാര്യങ്ങൾ മനസിലായിട്ടുണ്ട്. ചോദിക്കുന്നവരോടെല്ലാം പപ്പ കല്ലറയിൽ ഉറക്കത്തിലാണെന്ന് അവൻ പറയുന്നുണ്ട്. ഇളയമകൻ ആൽബിൻ, പപ്പ ജോലിക്ക് പോയിരിക്കുകയാണെന്നാണ് വിശ്വസിച്ചിട്ടുള്ളതെന്നും ഇവർ വ്യക്തമാക്കുന്നു.