ലോസ് ആഞ്ചലസ്: ലോകമെമ്പാടുമുള്ള ആരാധകരുടെ മനംകവർന്ന സൂപ്പർഹീറോകൾക്ക് ജന്മം നൽകിയ ഇതിഹാസ കഥാകാരൻ മാർട്ടിൻ സ്‌റ്റാൻ ലീ (95) അന്തരിച്ചു. സ്‌പൈഡർമാൻ, എക്‌സ്‌മെൻ, തോർ, അയൺമാൻ, അവഞ്ചേഴ്‌സ്, ബ്ളാക് പാന്തർ, ഫെന്റാസ്‌റ്റിക് ഫോർ തുടങ്ങിയ മാർവൽ കോമിക് കഥാപാത്രങ്ങളുടെ സൃഷ്‌ടാവും എഴുത്തുകാരനും പ്രസാദകനുമായിരുന്നു സ്‌റ്റാൻ ലീ. ലോസ് ആഞ്ചലസിലെ സെഡാർസ് സിനായി മെഡിക്കൽ സെന്ററിലായിരുന്നു അന്ത്യം.
1922 ഡിസംബർ 28നാണ് സ്‌റ്റാൻ ലീ സ്‌റ്റീബർ എന്ന മാർട്ടിൻ സ്‌റ്റാൻ ലിീ ജനിക്കുന്നത്. റുമാനിയയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ജൂതകുടുംബാംഗമായിരുന്നു ലീ. കുട്ടിക്കാലം മുതൽ തന്നെ അഡ്വഞ്ചർ ബുക്കുകളുടെയും കോമിക് കഥാപാത്രങ്ങളുടെയും കടുത്ത ആരാധകനായിരുന്നു സ്‌റ്റാൻ ലീ. പിന്നീട് മാർവൽ കോമിക്‌സിൽ എത്തിയതോടെയാണ് ലീയുടെ ജീവിതത്തിൽ വഴിത്തിരിവുണ്ടാകുന്നത്.
ലീയുടെ കഥാപാത്രസൃഷ്‌ടികളെ ഹോളിവുഡ് ആവേശത്തോടെ സ്വീകരിക്കുന്ന കാഴ്‌ചയാണ് പിന്നീട് കണ്ടത്. ഇത്തരത്തിൽ സ്‌പൈഡർമാൻ, എക്‌സ്‌മെൻ, തോർ, അയൺമാൻ, അവഞ്ചേഴ്‌സ്, ബ്ളാക് പാന്തർ, ഫെന്റാസ്‌റ്റിക് ഫോർ തുടങ്ങിയ കഥാപാത്രങ്ങളെല്ലാം വലിപ്പ ചെറുപ്പമില്ലാതെ ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു.