rajnikanth

ചെന്നൈ: സിനിമയിൽ എന്ന പോലെ ജീവിതത്തിലും മാസ് രംഗങ്ങൾ സൃ‌ഷ്‌ടിക്കാൻ കഴിയുന്നയാളാണ് സ്‌റ്റൈൽ മന്നൻ രജനീകാന്ത്. സിനിമയിലെ താരപരിവേഷം രാഷ്ട്രീയത്തിലും പ്രയോഗിക്കാനുള്ള ഒരുക്കത്തിലാണ് താരം ഇപ്പോൾ. എന്നാൽ കഴിഞ്ഞ ദിവസം മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് രജനി നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചാ വിഷയം. ബി.ജെ.പിക്കാർ ഇത്ര അപകടകാരികൾ ആയത് കൊണ്ടാണോ ദേശീയ തലത്തിൽ ബി.ജെ.പി വിരുദ്ധ ചേരി സംഘടിപ്പിക്കുന്നതെന്നായിരുന്നു മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യം. അവർ അങ്ങനെ കരുതുന്നുണ്ടെങ്കിൽ അത് സത്യമാകും എന്നായിരുന്നു ഇക്കാര്യത്തിൽ രജനി നൽകിയ മറുപടി.

അതേസമയം, കേന്ദ്രസർക്കാർ നടപ്പിലാക്കിയ നോട്ട് നിരോധനത്തെ നേരത്തെ പിന്തുണച്ച രജനീകാന്ത് ഇക്കാര്യത്തിലും സർക്കാരിനെ വിമർശിച്ചു. നോട്ട് നിരോധനം നടപ്പിലാക്കിയ രീതി വലിയ രീതിയിൽ പാളിപ്പോയി. വിശാലമായി ചർച്ച ചെയ്‌ത് തീരുമാനിക്കേണ്ട കാര്യമായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻമുഖ്യമന്ത്രി ജയലളിത തമിഴ് രാഷ്ട്രീയത്തിൽ ഒഴിച്ചിട്ട് പോയ സ്ഥാനം സ്വന്തമാക്കാനാണ് സ്‌റ്റൈൽ മന്നൻ ശ്രമിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എന്നാൽ ബി.ജെ.പിയാണ് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവർത്തനത്തിന് പിന്നിലെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇക്കാര്യം താരം തന്നെ നിഷേധിച്ചിരുന്നു. ബി.ജെ.പിയാണ് തനിക്ക് പിന്നിലെന്ന് ചിലർ പറഞ്ഞ് പരത്തുന്നു.എന്നാൽ ഇക്കാര്യം സത്യമല്ല. ദൈവവും ജനങ്ങളും മാത്രമേ തനിക്ക് പിന്നിലുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.