k-sudhakaran

കോഴിക്കോട്: ശബരിമലയിൽ പൊലീസിന് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും മണ്ഡലകാലത്ത് എന്തും സംഭവിക്കാമെന്നും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ ആരോപിച്ചു. ചിത്തിര ആട്ടവിശേഷകാലത്ത് പൊലീസിന് സന്നിധാനത്ത് ഒരു നിയന്ത്രണവും ഇല്ലെന്ന് കേരളം മുഴുവൻ കണ്ടതാണ്. പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിച്ച ശേഷമാണ് പ്രക്ഷോഭകർ ആളുകളെ കയറ്റി വിട്ടത്. അയ്യപ്പനെ കാണാൻ വ്രതാനുഷ്ഠാനങ്ങൾ നിർബന്ധമാണെന്നും അവ തെറ്റിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതിക്കുന്നില്ല. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പ്രായോഗികമായ നിലപാട് സ്വീകരിക്കണം. ഇനി വരാൻ പോകുന്ന മണ്ഡലകാലത്തെങ്കിലും മുഖ്യമന്ത്രി യുക്തിപരമായ സമീപനം സ്വീകരിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. റിവ്യൂ ഹർജി എതിരായാലും കോൺഗ്രസ് പ്രക്ഷോഭം തുടരും. വേണ്ടിവന്നാൽ സമരത്തന്റെ രൂപവും മാറ്റും. എപ്പോഴും സമരമുഖത്ത് താൻ ഉണ്ടാകും. ശബരിമലയെ മാത്രം ബാധിക്കുന്ന വിഷയമല്ല ഇത്, മറിച്ച് എല്ലാ ആരാധനാലയങ്ങളേയും ബാധിക്കും. ശബരിമലയിൽ ബി.ജെ.പിക്ക് അനുകൂല സാഹചര്യം ഉണ്ടാക്കിയത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ്. സി.പി.എം നടപ്പാക്കുന്നത് തരംതാണ രാഷ്ട്രീയമാണ്. ശബരിമല വിഷയം ഉയർത്തി ബി.ജെ.പിയെ എതിർത്തു എന്ന പ്രതീതി ഉണ്ടാക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് പിണറായി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.