കൊച്ചി: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയ്ക്കെതിരായ കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് സർക്കാർ. ഇതുസംബന്ധിച്ച റിപ്പോർട്ട് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു.കോഴിക്കോട് യുവമോർച്ചാ വേദിയിൽ നടത്തിയ വിവാദ പ്രസംഗത്തിലാണ് കോഴിക്കോട് കസബ പൊലീസ് കേസെടുത്തത്. പിള്ളയുടെ പ്രസംഗത്തെ തുടർന്ന് ശബരിമലയിൽ സംഘർഷമുണ്ടായെന്നും, ഇതുകൂടാതെ പിള്ളയുടെ നേതൃത്വത്തിൽ ബി.ജെ.പി നടത്തുന്ന രഥയാത്ര ജനങ്ങളുടെ സമാധാനപരമായ അന്തരീക്ഷത്തിന് വിഘാതമുണ്ടാക്കുന്നുവെന്നും റിപ്പോർട്ടിൽ സർക്കാർ പറയുന്നു.
യുവമോർച്ച സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പിള്ള വിവാദ പ്രസംഗം നടത്തിയിരുന്നത്. ശബരിമല ബി.ജെ.പിക്ക് ഒരു സുവർണാവസരമാണെന്നും നമ്മൾ വെച്ച കെണിയിൽ ഓരോരുത്തരായി വീണെന്നും ശ്രീധരൻപിള്ള പ്രസംഗത്തിൽ പറഞ്ഞിരുന്നു.