തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ റോഡിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി ഡിവൈ.എസ്.പി ഹരികുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലമ്പലത്തെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ ഹരികുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. കേസിൽ ഹരികുമാറിനെതിരെ കൊലക്കുറ്റം ചുമത്തിയതും പൊലീസിൽ നിന്നും സമ്മർദ്ദം വർദ്ധിച്ചതും അദ്ദേഹത്തെ പ്രതിരോധത്തിലാക്കിയിരുന്നു. തുടർന്ന് ഇന്ന് വൈകുന്നേരത്തോടെ തിരുവനന്തപുരത്തെ ഏതെങ്കിലും പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങാനായി ഇന്നലെ കല്ലമ്പലത്തെ വീട്ടിലെത്തിയെന്നാണ് വിവരം. തുടർന്ന് അടച്ചിട്ടിരുന്ന വീട്ടിലെ ചായ്‌പിനുള്ളിൽ തൂങ്ങിമരിച്ചുവെന്നാണ് പൊലീസ് കരുതുന്നത്.
ഇന്ന് രാവിലെയാണ് കല്ലമ്പലത്തെ വീട്ടിൽ ഒരാൾ തൂങ്ങിനിൽക്കുന്നുവെന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പിക്ക് വിവരം ലഭിക്കുന്നത്. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മരിച്ചത് ഹരികുമാർ തന്നെയാണെന്ന് സ്ഥിരീകരിച്ചത്. ഹരികുമാർ ആത്മഹത്യ ചെയ്‌തെന്നാണ് കരുതുന്നത്.
അതേസമയം, ഹരികുമാറിന് ദൈവം നൽകിയ ശിക്ഷയാണെന്ന് കൊല്ലപ്പെട്ട സനൽകുമാറിന്റെ ഭാര്യ വിജി പ്രതികരിച്ചു. ദൈവം നീതി നടപ്പിലാക്കിയെന്നും ഇക്കാര്യത്തിൽ മറ്റൊന്നും പറയാനില്ലെന്നും അവർ വ്യക്തമാക്കി.