തിരുവനന്തപുരം: നെയ്യാറ്റിൻകര സനൽവധക്കേസിലെ പ്രതി ഡി.വൈ.എസ്.പി ഹരികുമാറിന്റെ ആത്മഹത്യ വിരൽ ചൂണ്ടുന്നത് പൊലീസിന്റെ കൃത്യമായ വീഴ്‌ച തന്നെയെന്ന് ആരോപണം. കേരള മനസാക്ഷിയെ തന്നെ ഞെട്ടിച്ച കൃത്യത്തിന് ശേഷം രക്ഷപ്പെട്ടിട്ട് ഒമ്പതുനാളുകൾക്ക് ശേഷമാണ് ഡി.വൈ.എസ്.പിയെ തൂങ്ങി മരിച്ച നിലയിൽ കല്ലമ്പലത്തെ സ്വന്തം വീട്ടിൽ നിന്ന് കണ്ടെത്തുന്നത്. എന്നാൽ ഹരികുമാറിനെ സംരക്ഷിക്കാൻ ആദ്യം മുതൽ തന്നെ ഉന്നത ഉദ്യോഗസ്ഥർ ചരടു വലിച്ചിരുന്നതായി സൂചനകളുണ്ടായിരുന്നു.
കൃത്യത്തിന് ശേഷം വിവരം പറയാൻ ഹരികുമാർ ആദ്യം വിളിച്ചത് റൂറൽ എസ്.പി അശോക് കുമാറിനെയായിരുന്നു. തുടർന്ന് ഇയാൾ കല്ലമ്പലത്തെ വീട്ടിലെത്തി ഭാര്യയോട് കാര്യങ്ങൾ പറഞ്ഞ ശേഷം മറ്റൊരു വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. ആദ്യം തമിഴ്‌നാട്ടിലെ തൃപ്പരപ്പിൽ എത്തിയ ഡി.വൈ.എസ്.പി പിന്നീട് കർണാടകത്തിലേക്ക് കടക്കുകയായിരുന്നുവെന്നാണ് വിവരം.
മാത്രമല്ല ഒളിവിൽപ്പോയ ഡി.വൈ.എസ്.പി. മുപ്പതിലേറെത്തവണ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതാവിനെ വിളിച്ചിരുന്നു. കൂടാതെ സംഭവസ്ഥലത്തുനിന്ന് കടക്കുന്നതിനിടെ അഞ്ചുപ്രാവശ്യം സ്ഥലം എസ്.ഐ.യെയും വിളിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായിരുന്നു. ഇതിലെല്ലാമുപരി ഹരികുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത് സ്വന്തം വീട്ടിലാണ്. ഇത്രയധികം ജനശ്രദ്ധയുള്ള കേസിൽ ഒരു രാത്രിക്കിടെ ഹരികുമാർ വീട്ടിൽ എത്തിയിരുന്നുവെങ്കിൽ എന്തുകൊണ്ട് പൊലീസ് ഇത് അറിഞ്ഞില്ല എന്ന പ്രസക്തമായ ചോദ്യവും ഉയരുന്നുണ്ട്.