novel

''നിങ്ങള് രണ്ടാളും കണ്ടു കഴിഞ്ഞല്ലോ.. അപ്പോഴിനി സമയം കളയാതെ ഇയാളെ അങ്ങ് തീർത്തേക്കു സാറേ?'
സ്പാനർ മൂസ തിരക്കുകൂട്ടി.
ഓരോ കൊലപാതകവും മൂസയ്ക്കു ലഹരിയാണെന്ന് രാജസേനനും രാഹുലും ഓർത്തു.


''അങ്ങനങ്ങ് തീർത്താൽ പറ്റത്തില്ല മൂസേ. ആരാണ് ഇവനെ കൊല്ലാൻ കൽപ്പിച്ചതെന്നും അത് എന്തിനു വേണ്ടിയായിരുന്നെന്നും ഇവൻ അറിയണ്ടേ? നിയമവും നീതിയും തന്റെ അണ്ടർവെയറിന്റെ പോക്കറ്റിലാണെന്നല്ലേ ഈ നീതിമാൻ കരുതിയിരിക്കുന്നത്? മരിക്കും മുൻപ്, അങ്ങനെയല്ല കാര്യങ്ങൾ എന്ന് ഇവനെ ബോദ്ധ്യപ്പെടുത്തണ്ടേ?'
രാജസേനന്റെ ശബ്ദം ക്രൂരമായി.


ചുട്ടിപ്പാറയ്ക്കു മീതെ വീശിയ കാറ്റിൽ പോലും മരണത്തിന്റെ ഗന്ധമുണ്ടായിരുന്നു.
രാഹുലും ചുണ്ടനക്കി:
''ഇവൻ ഇവിടെക്കിടന്ന് അലറിക്കരയണം. ആ ശബ്ദം ആകാശത്തു ലയിക്കുകയല്ലാതെ ഒരിക്കലും താഴ്വാരത്ത് എത്തുകയോ ആരെങ്കിലും ഓടിവരികയോ ചെയ്യില്ല.'
ആ പറഞ്ഞ നിമിഷം അതുവരെ കത്തിക്കൊണ്ടിരുന്ന, ക്ഷേത്രത്തിലെ ഒറ്റക്കല്ലിൽ തിരിയണഞ്ഞു.


''ഇവനെ ഒന്നുണർത്ത്.' രാജസേനന് ധൃതിയായി.
''നല്ല ഡോസിലാ സാറേ ക്‌ളോറോഫോം കൊടുത്തിരിക്കുന്നത്...'
സ്പാനർ മൂസ ചുറ്റും നോക്കി:
''കുറച്ചു വെള്ളമെങ്കിലും...''
''ഇപ്പം കൊണ്ടുവരാം.' രാഹുൽ പിൻതിരിഞ്ഞു.


അവൻ ചെന്ന് ഇന്നോവയുടെ ഡോർ തുറന്നു. ഡോർ തുറക്കുമ്പോൾ ഉള്ളിലെ ലൈറ്റു തെളിയാതിരിക്കാൻ നേരത്തേ തന്നെ അത് ഓഫ് ചെയ്തിരുന്നു.
രാഹുൽ മടങ്ങിവന്നത് ഒരു കുപ്പി തണുത്ത ബിയറുമായാണ്. അതവൻ വിക്രമനു നേരെ നീട്ടി.


വിക്രമൻ ബിയർ കുപ്പിയുടെ അടപ്പ് കടിച്ചു തുറന്നു. ശേഷം എസ്.പി അരുണാചലത്തിന്റെ മുഖത്തേക്കു ചരിച്ചു.
കണ്ണിലും മൂക്കിലും ബിയർ വീണപ്പോൾ അരുണാചലം തല കുടഞ്ഞു.


ബിയർ പത ചുറ്റും ചിതറി.
വല്ലവിധേനയും അരുണാചലം കണ്ണു തുറന്നു. അസഹ്യമായ നീറ്റൽ അകത്തേക്ക് അരിച്ചിറങ്ങി.
''ഹാ.. ' അയാൾ വാ പിളർന്നു.


വിക്രമൻ കുറച്ചു ബിയർ ഒഴിച്ചുകൊടുത്തു.
''ത്ഫൂ..' അരുണാചലം തല വെട്ടിച്ചുകൊണ്ടു തുപ്പി.


തുപ്പലും ബിയർ പതയും കൂടിക്കലർന്ന് കവിളിലൂടെ ഒഴുകി.


''എടാ.. എടാ കാക്കിയുടെ സേവകാ. കണ്ണു തുറന്ന് ശരിക്കു നോക്കെടാ....'
രാജസേനൻ കാൽനീട്ടി അയാളുടെ വാരിയെല്ലുകൾക്കിടയിൽ ഒറ്റ തൊഴി.


അരുണാചലം വേദനയിൽ ഒന്നു നിലവിളിച്ചുകൊണ്ട് എഴുന്നേൽക്കാനാഞ്ഞു. പക്ഷേ ശിരസ്സു മാത്രമേ ഉയർന്നുള്ളൂ.
അരുണാചലം നീറുന്ന കണ്ണുകൾ വലിച്ചു തുറന്നു നോക്കി.


നിലാവിനു താഴെ തനിക്കു ചുറ്റും നാലു പേർ നിൽക്കുന്നതു കണ്ടു.
മുുകളിൽ നിന്നു വെളിച്ചം വരുന്നതിനാൽ അവരുടെ മുഖം വ്യക്തമാകുന്നില്ല.


താൻ എവിടെയാണെന്നും അയാൾ അറിഞ്ഞില്ല. ലോകത്തിന്റെ നെറുകയിലാണ് എന്ന തോന്നൽ മാത്രം!
പൊടുന്നനെ, മിന്നൽ പോലെ അരുണാചലത്തിന്റെ തലച്ചോറിലേക്ക് ആക്സിഡന്റ് രംഗം ഓടിയെത്തി.


അതിനുശേഷം എന്തു നടന്നു?
''ആ....രാ?''
അയാൾ തിരക്കി.


''ഞാൻ രാജസേനനാടാ പുന്നാര എസ്.പി? നീ എന്നോടു കുറച്ച് കളിച്ചല്ലോ... അതുകൊണ്ട് നിന്നെ ഞാനിങ്ങ് പൊക്കിച്ചതാ.. കൊല്ലാൻ.'
രാജസേനൻ ചിരിച്ചു.


അരുണാചലം നടുങ്ങിപ്പോയി.


തന്റെ കൈകാലുകളിലെയും അരക്കെട്ടിലെയും ഭാരം അയാൾ തിരിച്ചറിഞ്ഞത് ഇപ്പോൾ മാത്രമാണ്.
''മരിക്കാൻ നിനക്ക് ഭയമുണ്ടോ?'


ചോദിച്ചത് രാഹുലാണ്.
ഇത്രയും സമയത്തിനുള്ളിൽ എസ്.പി ധൈര്യം വീണ്ടെടുത്തിരുന്നു.


''ഒട്ടുമില്ല.' അയാൾ പല്ലുകടിച്ചു.


''പക്ഷേ നിന്നെയൊക്കെപ്പോലെ തന്തയ്ക്കു പിറക്കാത്തവന്മാർ കാരണമാണല്ലോ എന്നോർക്കുമ്പോൾ ഒരു പുച്ഛം.'
''മരിക്കാൻ നേരത്തും ഇവന്റെ അഹങ്കാരം കണ്ടില്ലേ?'


രാഹുൽ അയാളുടെ നെഞ്ചത്ത് ഒരു ചവിട്ടു കൊടുത്തു.
അരുണാചലം ശ്വാസം വലിച്ചുവിട്ടു.


''രാഹുലേ... നീ ഈ നിൽക്കുന്ന രാജസേനന് ഉണ്ടായവനാണെങ്കിൽ എന്റെ ശരീരത്തിലെ ഈ ഭാരം ഒന്നു മാറ്റാൻ പറ. എന്നിട്ട് എന്റെ മുന്നിൽ നെഞ്ചും വിരിച്ചുനിന്ന് ഇങ്ങനെയൊന്നു പ്രസംഗിച്ചേടാ...'


''അത് വേണ്ടാ...' സ്പാനർ മൂസ ഇടപെട്ടു. ''ആരെങ്കിലും കടുവയെ അഴിച്ചുവിട്ട് ഭാഗ്യം പരിശോധിക്കുമോ?'
അടുത്ത നിമിഷം രാജസേനന്റെ ഫോണിലേക്ക് ഒരു കാൾ വന്നു...(തുടരും)