തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സനൽകുമാറിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ പത്താം ദിവസം ആത്മഹത്യ ചെയ്ത് ഡിവൈ.എസ്.പി ഹരികുമാർ ശിക്ഷ സ്വയം വിധിച്ചു. സനൽകുമാറിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഡിവൈ.എസ്.പിയെ പിടികൂടാൻ പൊലീസ് ഊർജ്ജിതമായി ശ്രമിച്ചിരുന്നില്ലെന്ന് തുടക്കം മുതൽ പരാതിയുണ്ടായിരുന്നു. പരമാവധി സംയമനം പാലിച്ച് ഹരികുമാറിന് കീഴടങ്ങാനുള്ള അവസരമൊരുക്കാൻ പൊലീസ് ശ്രമിച്ചെന്നാണ് ആരോപണം. ഹരികുമാർ തമിഴ്നാട്ടിലേക്ക് മുങ്ങിയെന്നാണ് പൊലീസ് ആദ്യം മുതൽക്കേ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നത്. എന്നാൽ ഹരികുമാർ തലസ്ഥാനത്ത് തന്നെ ഒളിവിൽ കഴിയുന്നതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനിടെ നെടുമങ്ങാട് വനമേഖലയിൽ ഹരികുമാറിനെ കണ്ടതായി നാട്ടുകാരും വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇവിടെ നിന്നും ചെങ്കോട്ട വഴി ഹരികുമാർ മധുരയിലേക്ക് കടന്നുവെന്ന് കണ്ടെത്തിയ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ അയക്കുകയും ചെയ്തു.
പൊലീസിൽ നിന്നും ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതോടെയാണ് ഹരികുമാറിനായുള്ള അന്വേഷണം വീണ്ടും ഊർജ്ജിതമായത്. തമിഴ്നാട്ടിലെ ഒളിസങ്കേതം വിട്ട് ഡിവൈ.എസ്.പി ബി. ഹരികുമാറും കൂട്ടാളി ബിനുവും കർണാടകത്തിലേക്ക് നീങ്ങിയെന്നാണ് ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നത്. മൈസൂർ, മംഗലാപുരം, മൂകാംബിക എന്നിവിടങ്ങളിൽ ഡിവൈ.എസ്.പിയുടെ രഹസ്യനമ്പർ ഓണായിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. എന്നാൽ സനൽ കുമാർ കൊല്ലപ്പെട്ട് പത്താം ദിവനം തിരുവനന്തപുരത്ത് കല്ലമ്പലത്തുള്ള വസതിയിൽ ഡിവൈ.എസ്.പി ഹരികുമാർ തൂങ്ങിമരിച്ചുവെന്ന വാർത്തയാണ് പുറത്ത് വന്നത്. പൊലീസിനെ വെട്ടിച്ച് ഇയാൾ എങ്ങനെ കല്ലമ്പലത്തെ വീട്ടിലെത്തി എന്നത് വ്യക്തമായിട്ടില്ല. സനൽകുമാറിന്റെ മരണത്തിൽ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഭാര്യ വിജി ഉപവാസ സമരം ആരംഭിച്ച ദിവസമാണ് പ്രതിയായ ഡിവൈ.എസ്.പി സ്വയം ശിക്ഷ വിധിച്ചത്. ഇത് ദൈവഹിതമെന്നും, ദൈവം നീതി നടപ്പിലാക്കിയെന്നുമാണ് ഹരികുമാറിന്റെ മരണവിവരമറിഞ്ഞ് വിജി ആദ്യം പ്രതികരിച്ചത്.