kerala-high-court

കൊച്ചി: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നപ്പോൾ ഉണ്ടായ സംഘർഷങ്ങളിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ശബരിമല സ്‌പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ഇക്കാര്യത്തിൽ സ്വമേധയാ കേസെടുത്തത്. ഇക്കാര്യത്തിൽ ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു. ചിത്തിര ആട്ടവിശേഷത്തിനായി നട തുറന്നപ്പോൾ പൊലീസ് സ്വീകരിച്ച തന്ത്രപരമായ ഇടപെടലുകളാണ് സന്നിധാനത്ത് അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകാതെ തടഞ്ഞതെന്ന് സ്പെഷ്യൽ കമ്മിഷണർ എം. മനോജ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി,​ ദേവസ്വം ബോർ‌ഡ് അംഗം ശങ്കർദാസ് തുടങ്ങിയവർ ആചാര ലംഘനം നടത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

നവംബർ ആറിന് രാവിലെ പതിനെട്ടാം പടി കയറാനെത്തിയ 52 വയസുള്ള ലളിതയെ പ്രായം കുറവാണെന്ന സംശയത്താൽ പ്രതിഷേധക്കാർ തടഞ്ഞു. ലളിതയെയും ബന്ധു മൃദുൽകുമാറിനെയും ആൾക്കൂട്ടം മർദ്ദിച്ചു. തീർത്ഥാടകരുടെ വേഷത്തിലുണ്ടായിരുന്ന പ്രതിഷേധക്കാർ ക്രുദ്ധരായി നടപ്പന്തലിലേക്ക് ഒാടിയെത്തി. ഇതോടെ വലിയ ബഹളമായി. പൊലീസ് സംരക്ഷണ വലയം തീർത്താണ് ഇരുവരെയും രക്ഷിച്ചത്. മൃദുൽ കുമാറിനെ സന്നിധാനം സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വന്ന ശേഷം ഇരുന്നൂറോളം പേർ അവിടെ നിയമ വിരുദ്ധമായി തടിച്ചു കൂടി. അക്രമാസക്തരായ ജനക്കൂട്ടം നാളികേരവും കല്ലും വലിച്ചെറിഞ്ഞു. പൊലീസുമായി ഏറ്റുമുട്ടലിന്റെ വക്കോളമെത്തി. തൃശൂർ റേഞ്ച് ഐ.ജി, കൊല്ലം പൊലീസ് കമ്മിഷണർ, പൊലീസ് ഹെഡ്ക്വാട്ടേഴ്സ് എസ്.പി തുടങ്ങിയവർ പരമാവധി സംയമനം പാലിച്ച് തന്ത്രപരമായി ഇടപെട്ട് ആൾക്കൂട്ടത്തെ പിരിച്ചു വിടുകയായിരുന്നുവെന്നും കമ്മിഷണർ കോടതിയിൽ അറിയിച്ചിരുന്നു.