തിരുവനന്തപുരം: കേരള കോൺഗ്രസ് ബി, എൻ.സി.പിയിൽ ലയിക്കുന്ന സാഹചര്യത്തിൽ പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻ.സി.പിക്ക് നൽകാൻ ഇടത് നീക്കം. ലയനവുമായി ബന്ധപ്പെട്ടുണ്ടായ അണിയറ ചർച്ചകളിൽ സി.പി.എം നേതൃത്വം ഇതിൽ പരോക്ഷസമ്മതം മൂളിയെന്നും സൂചനയുണ്ട്.
ശബരിമല വിവാദ പശ്ചാത്തലത്തിൽ കലുഷിതമായ അന്തരീക്ഷത്തിൽ നിൽക്കുന്ന പത്തനംതിട്ടയിൽ ഇതൊരു തന്ത്രപരമായ നീക്കമാകുമെന്ന കണക്കുകൂട്ടലുണ്ട്. എൻ.എസ്.എസ് ഇടഞ്ഞ് നിൽക്കുന്ന സാഹചര്യത്തിൽ ആർ. ബാലകൃഷ്ണപിള്ള ഉൾക്കൊള്ളുന്ന പാർട്ടി മത്സരിക്കുന്നത് ഗുണം ചെയ്‌തേക്കാമെന്നാണത്രേ വിലയിരുത്തൽ.
ഇതിന്റെ ഭാഗമായി ബാലകൃഷ്ണപിള്ളയെ എൻ.സി.പിയുടെ പുതിയ സംസ്ഥാന അദ്ധ്യക്ഷനാക്കുകയെന്ന ഫോർമുലയും ചർച്ചയിലാണ്. എൻ.സി.പിക്ക് പത്തനംതിട്ട സീറ്റ് ലഭിച്ചാൽ നിലവിലെ സംസ്ഥാന അദ്ധ്യക്ഷനും കുട്ടനാട് എം.എൽ.എയുമായ തോമസ് ചാണ്ടിയെ മത്സരിപ്പിക്കാൻ സാധ്യതയുണ്ട്. ക്രൈസ്തവ വോട്ടുകൾ നിർണ്ണായകമാകുന്ന മണ്ഡലവുമാണ് പത്തനംതിട്ട.
എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി ടി.പി. പീതാംബരൻ മാസ്റ്റർ, ബാലകൃഷ്ണപിള്ളയെ എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷനാക്കുകയെന്ന നിർദ്ദേശം ദേശീയ നേതൃത്വത്തിന് മുമ്പാകെ വച്ചെന്നാണറിവ്. അതേസമയം, ദേശീയ നേതൃത്വം അന്തിമ നിലപാടെടുത്തിട്ടില്ലെങ്കിലും സംസ്ഥാന പ്രസിഡന്റ് സ്ഥാനമൊഴിയാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ തോമസ് ചാണ്ടി സന്നദ്ധനാകില്ലെന്ന സൂചനയും പാർട്ടി കേന്ദ്രങ്ങൾ നൽകുന്നുണ്ട്.
പീതാംബരൻ മാസ്റ്റർ ഏകപക്ഷീയമായി നീങ്ങുന്നുവെന്ന ആക്ഷേപം പാർട്ടിക്കുള്ളിൽ ഒരു വിഭാഗം ഉയർത്തിയിട്ടുണ്ട്. മന്ത്രി എ.കെ. ശശീന്ദ്രനെ അനുകൂലിക്കുന്ന വിഭാഗമാകട്ടെ മൗനം പാലിക്കുകയാണ്. കാത്തിരുന്ന് കാണുക എന്നതാണ് അവരുടെ തന്ത്രം.എൻ.സി.പിയിൽ പിള്ള ഗ്രൂപ്പ് ലയിച്ചാൽ പാർട്ടിക്ക് നിയമസഭയിൽ മൂന്ന് അംഗങ്ങളാകുമെന്നും അതുവഴി ഒരു ലോക്‌സഭാ സീറ്റിന് അവകാശവാദം ഉന്നയിക്കാമെന്നുമാണ് നേതാക്കൾ പറയുന്നത്. ഈ ഫോർമുല ഉയർത്തുന്നതും ഇടത് നേതൃത്വവുമായി ആലോചിച്ചിട്ടാണെന്നാണ് പ്രചാരണം.