km-shaji-disqualified

കൊച്ചി: വർഗീയ പ്രചാരണം നടത്തി തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് അഴീക്കോട് മണ്ഡലത്തിലെ മുസ്ലീം ലീഗിന്റെ കെ.എം ഷാജിക്ക് അയോഗ്യത ഏർപ്പെടുത്തിയ വിധിയിലെ സ്‌റ്റേ തുടരും. കെ.എം.ഷാജിയുടെ നിയമസഭാ അവകാശങ്ങൾ സംബന്ധിച്ച കാര്യത്തിൽ രണ്ടാഴ്‌ചയ്ക്ക് ശേഷം ഹൈക്കോടതി വിധി പറയും. അതുവരെ സ്‌റ്റേ തുടരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

എതിർ സ്ഥാനാർത്ഥിയായിരുന്ന ഇടത് മുന്നണിയിലെ എം.വി നികേഷ് കുമാറിന്റെ ഹർജിയിലായിരുന്നു ഉത്തരവ്. പിന്നീട്, കെ.എം ഷാജി നൽകിയ ഹർജിയിൽ രണ്ടാഴ്ചത്തേക്ക് ഉത്തരവ് സ്‌റ്റേ ചെയ്‌തെങ്കിലും നിബന്ധനകൾ കോടതി പ്രഖ്യാപിച്ചിരുന്നില്ല. കെ.എം ഷാജിക്ക് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനും വോട്ട് ചെയ്യുന്നതിനും ഉള്ള അവകാശം സംബന്ധിച്ച് തീരുമാനം പിന്നീട് അറിയിക്കും. സ്റ്റേ കാലാവധിയിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്നും ഷാജിയെ വിലക്കണമെന്ന് എതിർകക്ഷിയായ നികേഷ് കുമാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. സിംഗിംൾ ബെഞ്ച് ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതിനാണ് ഉത്തരവിൽ താത്കാലിക സ്റ്റേ കോടതി അനുവദിച്ചത്.